മുംബൈ : ബോളിവുഡ് നടൻ സൽമാൻ ഖാനും എൻസിപി നേതാവ് സീഷൻ സിദ്ദിഖിനും നേർക്ക് വധഭീഷണി മുഴക്കിയ യുവാവിനെ ഉത്തർപ്രദേശിലെ നോയിഡയിൽ നിന്ന് മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയാണ് ഇയാളെ പിടികൂടിയതെന്ന് നിർമൽ നഗർ പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എംഎൽഎ സീഷൻ സിദ്ദിഖിന്റെ ഹെൽപ്പ് ലൈൻ നമ്പറിലേക്ക് ആദ്യം ഭീഷണി സന്ദേശം അയച്ച പ്രതി പിന്നീട് വോയിസ് കോളിൽ സിദ്ദിഖിനും നടൻ സൽമാൻ ഖാനെയും വധിക്കുമെന്ന് ഭീഷണി മുഴക്കി. വെള്ളിയാഴ്ചയാണ് ഇത് നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയും സാങ്കേതിക തെളിവുകളുടെ സഹായത്തോടെ പ്രതിയെ നോയിഡയിൽ നിന്ന് പിടികൂടുകയും ചെയ്തു. ഇയാളെ അന്വേഷണത്തിനായി മുംബൈയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാന്ദ്ര ഈസ്റ്റിലുള്ള സീഷന്റെ പബ്ലിക് റിലേഷൻസ് ഓഫീസിലാണ് ഇയാൾ ഫോൺ വിളിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
നേരത്തെ സീഷന്റെ പിതാവും മൂന്ന് തവണ എംഎൽഎയും മുൻ സംസ്ഥാന മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ ഒക്ടോബർ 12 ന് ബാന്ദ്രയിലെ മകന്റെ ഓഫീസിന് പുറത്ത് അക്രമികൾ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. തുടർന്ന് എൻസിപി നേതാവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു.
സൽമാനുമായുള്ള ബന്ധമാണ് ബാബ സിദ്ധിഖിയെ കൊലപ്പെടുത്താനുള്ള ഒരു കാരണമായി പോലീസ് വിലയിരുത്തുന്നത്. നടൻ സൽമാൻ ഖാന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്ന തന്റെ പിതാവിന്റെ മരണശേഷം ബോളിവുഡ് നടൻ തന്റെ ക്ഷേമത്തെക്കുറിച്ച് വളരെയധികം ആശങ്കാകുലനായിരുന്നുവെന്ന് സീഷാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: