തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി.പി ദിവ്യയ്‌ക്ക് നിയമസഹായം നൽകിയതാരെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ദിവ്യയെ ഒരു തരത്തിലും സംരക്ഷിക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പച്ചക്കള്ളമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ദിവ്യയുടെ ഇടപാടുകളിൽ പരോക്ഷമായും പ്രത്യക്ഷമായും സിപി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് പങ്കുണ്ട്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന കേസിൽ ആരാണ് പി.പി ദിവ്യയ്‌ക്ക് നിയമസഹായം നൽകിയതെന്ന് പകൽ പോലെ വ്യക്തമാണ്. സിപിഎം പറയുന്നതിനനുസരിച്ച് ഹാജരാകുന്ന വക്കീൽ എങ്ങനെ ദിവ്യയ്‌ക്ക് വേണ്ടി ഹാജരായി എന്ന് കെ സുരേന്ദ്രൻ ചോദിച്ചു.
ആഭ്യന്തര വകുപ്പ് അറിയാതെ ഇത്ര ദിവസം ഒളവിൽ കഴിയാൻ സാധിക്കില്ല. സഹായിക്കുന്നത് സിപിഎം സംസ്ഥാന നേതൃത്വമാണെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു.
ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ്. ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു. സംരക്ഷിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തത് സിപിഎം നേതൃത്വം പോലീസും. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്റെ പല കരാറുകളും ഒരു വ്യക്തിക്ക് തന്നെ ലഭിക്കുമ്പോൾ ചട്ടങ്ങൾ ലംഘിക്കപ്പെടുകയാണെന്ന് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചാൽ എല്ലാ സഹായവും ബിജെപി ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇനിയും പിപി ദിവ്യയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ മുഖ്യമന്ത്രി ആ കസേരയിൽ ഇരിക്കുന്നത് എന്തിനെന്ന് കെ.സുരേന്ദ്രൻ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: