നീലേശ്വരം: വീരർകാവ് ക്ഷേത്ര കളിയാട്ടത്തിന്റെ ആഘോഷങ്ങൾക്കായി 3000 രൂപയുടെ ചൈനീസ് പടക്കങ്ങളാണ് വാങ്ങി സൂക്ഷിച്ചിരുന്നതെന്ന് കമ്മിറ്റി ഭാരവാഹികൾ. പുലർച്ചെ മൂന്നരയോടെ തോറ്റം ഇറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്നതാണ് ഇതെന്നും ഭാരവാഹികൾ പറയുന്നു. ഇതിൽനിന്നുള്ള തീപ്പൊരിയാണ് അപകടത്തിന് കാരണമായത്. ദുരന്തത്തിന്റെ വ്യാപ്തി കുറയാൻ കാരണവും വീര്യം കുറഞ്ഞ ചൈനീസ് പടക്കങ്ങളായതിനാലാണ്.
മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് പടക്കം പൊട്ടിച്ചപ്പോൾ, തീപ്പൊരി പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് വീഴുകയും ഒന്നാകെ പൊട്ടിത്തെറിക്കുകയുമായിരുന്നു. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ കൂടിനിന്നിരുന്നു. ഇവർക്കെല്ലാം പൊള്ളലേറ്റു. പരിക്കേറ്റവരിൽ 15പേരുടെ നില ഗുരുതരമാണ്. കോഴിക്കോട് മിംസ് ആശുപത്രിയിൽ ആറുപേർ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ ഷിബിൻ രാജ്, വിഷ്‌ണു, ബിജു, രതീഷ് എന്നീ നാലുപേർ വെന്റിലേറ്ററിലാണ്.
കണ്ണൂർ ആസ്റ്റർ മിംസിൽ ചികിത്സയിൽ കഴിയുന്ന 24പേരിൽ ഒരാളുടെ നില ഗുരുതരമാണ്. കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലുള്ള രണ്ടുപേരിൽ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ആകെ 97പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. പലർക്കും മുഖത്തും കൈകൾക്കുമാണ് പൊള്ളലേറ്റത്. വസ്ത്രങ്ങളും കത്തിപ്പോയി. ഉത്തരമലബാറിൽ കളിയാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്ന കാവുകളിലൊന്നാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: