ന്യൂദല്‍ഹി: അദാനിയുടെ ദുബായ് കേന്ദ്രമായി നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ റിന്യൂ എക്സിം ഡിഎംസിസി(Renew Exim DMCC) കഴിഞ്ഞ ദിവസം ഇന്ത്യയിലെ ഐടിഡി സിമന്റേഷന്(ITD Cementation) എന്ന കമ്പനിയെ ഏറ്റെടുത്തു. എഞ്ചിനീയറിംഗ്, നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഐടിഡി സിമന്റേഷന്റെ 46.64 ശതമാനം ഓഹരികളാണ് അദാനി 3204 കോടി രൂപയ്ക്ക് ഏറ്റെടുത്തത്. ഒരു ഓഹരിക്ക് 400 രൂപ എന്ന കണക്കിനാണ് ഇത്രയും ഓഹരികള്‍ സ്വന്തമാക്കിയത്. വൈകാതെ ഈ കമ്പനിയുടെ 77 ശതമാനം സ്വന്തമാക്കുകയാണ് അദാനിയുടെ ലക്ഷ്യം. ബാക്കിയുള്ള 26 ശതമാനം ഓഹരികള്‍ കൂടി ഓപ്പണ്‍ ഓഫറിലൂടെ ചെറിയ നിക്ഷേപകരില്‍ നിന്നും ഇപ്പോഴത്തെ വിപണി വിലയായ 571 രൂപയ്ക്ക് വാങ്ങിയെടുക്കാനാണ് അദാനിയുടെ പദ്ധതി.
അദാനി ഭൂരിഭാഗം ഓഹരികള്‍ കൈവശപ്പെടുത്തുമെന്ന വാര്‍ത്ത പരന്നതോടെ ഐടിഡി സിമന്റേഷന്റെ ഓഹരിവില തിങ്കളാഴ്ച ഇടിഞ്ഞിരുന്നു. ഓഹരി വില 7.7 ശതമാനത്തോളം ഇടിഞ്ഞ് 491 രൂപയിലേക്ക് താഴ്ന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിന്യൂ എക്സിം ഡിഎംസിസി എന്ന കമ്പനിയെ നിര്‍മ്മാണ മേഖലയിലും എഞ്ചിനീയറിംഗ് രംഗത്തും ശക്തിപ്പെടുത്തുകയാണ് അദാനിയുടെ ലക്ഷ്യം.
ഏകദേശം 90 വര്‍ഷത്തെ ചരിത്രമുള്ള കമ്പനിയാണ് ഐടിഡി സിമന്റേഷന്. വിമാനത്താവളങ്ങള്‍, ജലവൈദ്യുതപദ്ധതികള്‍, ഹൈവേ, പാലം എന്നിവയുടെ നിര്‍മ്മാണ രംഗത്ത് സജീവമാണ് ഈ കമ്പനി. ഇതോടെ ഇപിസി (EPC) രംഗത്ത് (എഞ്ചിനീയറിംഗ്, പ്രൊക്യുര്‍മെന്റ് ആന്റ് കണ്‍സ്ട്രക്ഷന്‍ EPC0 Engineering, Procurement, Construction) ശക്തരാകുകയാണ് അദാനിയുടെ ലക്ഷ്യം.
ഇപിസി രംഗത്ത് ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചുനാളുകളായി സിമന്റ് കമ്പനികളെ പലതിനെയും വാങ്ങിക്കൂട്ടുകയായിരുന്നു അദാനി. സിമന്റ് രംഗത്ത് ഇപ്പോള്‍ ഇന്ത്യയില്‍ ഒന്നാമനായ ആദിത്യ മംഗലം ബിര്‍ളയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഈയിടെ 8100 കോടി രൂപയ്ക്ക് സി.കെ. ബിര്‍ള ഗ്രൂപ്പിന്റെ ഓറിയന്റ് സമിന്റിനെ വിലയ്ക്ക് വാങ്ങാന്‍ അദാനി തീരുമാനിച്ചിരുന്നു. അംബുജ സിമന്റ്സ്, എസിസി സിമന്റ്സ് എന്നിവ ഏറ്റെടുത്താണ് അദാനി സിമന്റ് രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് തെലുങ്കാനയിലെ സാംഘി സിമന്റ്സിനെയും പെന്ന സിമന്റ്സിനേയും അദാനി ഏറ്റെടുത്തു. ഇനി നിര്‍മ്മാണം കൂടി നടത്തുന്ന ഐടിഡി സിമന്റേഷനെക്കൂടി സ്വന്തമാക്കുന്നതോടെ അദാനി ശക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: