വഡോദര : സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ ഇന്ത്യാ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുതിയ ഊർജ്ജവും ആവേശവും പകർന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വഡോദരയിലെ ലക്ഷ്മി വിലാസ് കൊട്ടാരത്തിലെ ദർബാർ ഹാളിൽ ഇരു നേതാക്കളും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തിയ വേളയിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
ഇരു രാജ്യങ്ങളും പരസ്പര പൂരകങ്ങളാണെന്നും സ്‌പെയിൻ മികച്ച സഹകരണം മുന്നോട്ട് കൊണ്ടുപോകുമെന്നും സാഞ്ചസ് മറുപടിയായി പറഞ്ഞു. സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
സമ്പദ്‌വ്യവസ്ഥ, പ്രതിരോധം, ഫാർമ, ഐടി, ശാസ്ത്ര സാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം തുടങ്ങി നിരവധി മേഖലകളിൽ ഇന്ത്യയ്‌ക്കും സ്‌പെയിനിനും ശക്തമായ സഹകരണമുണ്ടെന്നും ഇരു രാജ്യങ്ങളും ആഗോള സമാധാനത്തിനും സമൃദ്ധിക്കും സഹകരണത്തിനും ഊന്നൽ നൽകുന്നുണ്ടെന്നും മോദി പറഞ്ഞു.
കൂടാതെ ആളുകൾ തമ്മിലുള്ള വർദ്ധിച്ചുവരുന്ന ബന്ധം വിലയിരുത്തിയപ്പോൾ ഈ വർഷം ഇന്ത്യ ബാഴ്‌സലോണയിൽ പുതിയ കോൺസുലേറ്റ് തുറന്നു. ബെംഗളൂരുവിൽ പുതിയ കോൺസുലേറ്റ് തുറക്കാനുള്ള സ്പെയിനിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും മോദി പറഞ്ഞു.
അതേ സമയം തന്റെ സന്ദർശനം ഇന്ത്യയും സ്‌പെയിനും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുമെന്ന് സാഞ്ചസ് പറഞ്ഞു. ഇരു രാജ്യങ്ങളും ലോകത്ത് ചെലുത്തുന്ന സ്വാധീനം വലുതാണെന്ന് സാഞ്ചസ് അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിൽ നിക്ഷേപം, റെയിൽവേ, കസ്റ്റംസ്, സാംസ്കാരിക വിനിമയം തുടങ്ങിയ മേഖലകളിൽ നിരവധി കരാറുകളിൽ ഒപ്പുവെച്ചതിനെയും അദ്ദേഹം പ്രശംസിച്ചു.
2026-ൽ സ്പെയിൻ-ഇന്ത്യ സംസ്‌കാരം, ടൂറിസം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വർഷമായി ആഘോഷിക്കുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം മറ്റ് പല മേഖലകളിലും തുടർന്നും വളരുമെന്നതിൽ സംശയമില്ലെന്നും സാഞ്ചസ് പറഞ്ഞു.
ഇന്ത്യയും സ്‌പെയിനും നിരവധി ലക്ഷ്യങ്ങൾ പങ്കിടുന്നു. ലോകമെമ്പാടുമുള്ള സമാധാനവും ജനാധിപത്യവും സംരക്ഷിക്കുകയും ചെയ്യുക എന്നത് പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ആ ലക്ഷ്യങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കാൻ തങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണെന്നും പറഞ്ഞു. ഇതിനു പുറമെ കാലാവസ്ഥാ അടിയന്തരാവസ്ഥ, ദാരിദ്ര്യം എന്നിവയ്‌ക്കെതിരായ പോരാട്ടം ശക്തമാക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാവിലെ വിമാനത്താവളം മുതൽ വഡോദരയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് ഫെസിലിറ്റഡ് വരെയുള്ള 2.5 കിലോമീറ്റർ ദൂരത്തിൽ ഇരു നേതാക്കളും റോഡ്ഷോ നയിച്ചിരുന്നു. തുടർന്ന് ഇന്ത്യയിൽ സി-295 സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റം ലിമിറ്റഡ് (ടിഎഎസ്എൽ)-എയർബസ് സൗകര്യം വഡോദരയിൽ രണ്ട് പ്രധാനമന്ത്രിമാരും സംയുക്തമായി ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: