Thrissur

റോഡ് പണി അനന്തമായി നീളുന്നതില്‍ പ്രതിഷേധം; വേഗത്തിലാക്കണമെന്ന് കരാറുകാരന് നിര്‍ദ്ദേശം

Published by

തൃശൂര്‍: തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ മുതല്‍ പൂതംകുളം വരെയുള്ള നിര്‍മ്മാണ പ്രവൃത്തികള്‍ ഡിസംബര്‍ ആറിനകം പൂര്‍ത്തിയാക്കാന്‍ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന കെഎസ്ടിപി റോഡ് നിര്‍മ്മാണ അവലോകനയോഗത്തില്‍ തീരുമാനം. റോഡ് പണി അനന്തമായി നീളുന്നതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കൂടുതല്‍ യന്ത്രങ്ങളും തൊഴിലാളികളെയും ഉപയോഗപ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് കരാറുകാരന് യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

430 മീറ്റര്‍ നീളത്തിലാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിന് തുടര്‍ച്ചയായി ക്രൈസ്റ്റ് കോളേജ് ജംഗ്ഷന്‍ മുതല്‍ മാപ്രാണം വരെയുള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും. തൊണ്ണൂറു ദിവസംകൊണ്ട് പൂര്‍ത്തിയാക്കാനാണ് യോഗത്തില്‍ തീരുമാനമായത്.

ഈ പ്രവൃത്തി നടക്കുമ്പോള്‍ തൃശ്ശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബസ് സ്റ്റാന്‍ഡ് – സിവില്‍ സ്റ്റേഷന്‍- ബ്ലോക്ക് ഓഫീസ് വഴി മാപ്രാണത്ത് പ്രവേശിച്ച് യാത്ര തുടരണം. ഇപ്പോള്‍ നടക്കുന്ന വെള്ളാങ്ങല്ലൂര്‍ – കോണത്തുകുന്ന് ഭാഗത്തെ പണികള്‍ പൂര്‍ത്തിയാകുന്നതോടെ മാപ്രാണം മുതല്‍ ആറാട്ടുപുഴ വരെയുള്ള അഞ്ച് കിലോമീറ്റര്‍ ഭാഗത്തെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ അനുമതി നല്‍കും.

തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സര്‍വീസ് നടത്തുന്ന വണ്ടികളുടെ സമയക്രമത്തിലും എണ്ണം സംബന്ധിച്ചുമുള്ള നിര്‍ദ്ദേശങ്ങളും പരിശോധിച്ച് നടപടി കൈക്കൊള്ളാന്‍ ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, സബ്- കളക്ടര്‍ അഖില്‍ മേനോന്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍, സ്വകാര്യ ബസ്സുടമസംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക

Recent Posts