Kerala

ഭർത്താവ് ഓട്ടോഡ്രൈവർ, ആഡംബര ജീവിതത്തിനായി മോഷണത്തിനിറങ്ങി റീൽസ് താരമായ ഭാര്യ: മുബീനയെ കുടുക്കിയത് സിസിടിവി

Published by

കൊല്ലം: പതിനേഴ് പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഇന്‍സ്റ്റഗ്രാം റീല്‍സ് താരം അറസ്റ്റിലായത് സിസിടിവി ദൃശ്യങ്ങളിലൂടെ. സെപ്റ്റംബറില്‍ മുബീനയുടെ ഭര്‍തൃ സഹോദരി മുനീറയുടെ കിഴിനിലയിലെ വീട്ടില്‍ നിന്ന് ആറ് പവനോളം വരുന്ന താലിമാലയും, ഒരു പവന്‍ വീതമുള്ള രണ്ട് ചെയിന്‍, രണ്ട് ഗ്രാം തൂക്കമുള്ള കമ്മലുകള്‍ എന്നിവ കാണാതായിരുന്നു. എന്നാല്‍ സ്വര്‍ണം മോഷണം പോയ വിവരം മുനീറ അറിഞ്ഞത് ഒക്ടോബര്‍ പത്തിനായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

മോഷണത്തില്‍ മുബീനയെ സംശയിക്കുന്നതായും മുനീറ പോലീസിനോട് പറഞ്ഞിരുന്നു. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സിസിടിവി ദൃശ്യങ്ങൾ മൂലമാണ് ചിതറ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷ ഡ്രൈവറായ ഇവരുടെ ഭര്‍ത്താവ് അടുത്തിടെയാണ് വിദേശത്തുപോയത്. ആഡംബര ജീവിതം നയിച്ചിരുന്ന ഇവര്‍ക്ക് അതിനുള്ള സാമ്പത്തികശേഷി ഇല്ലെന്നു പൊലീസ് മനസ്സിലാക്കി. ഒന്നരലക്ഷം രൂപ വിലവരുന്ന ഫോണാണ് മുബീന ഉപയോഗിച്ചിരുന്നത്.  കഴിഞ്ഞ ജനുവരിയിൽ മുബീനയുടെ സുഹൃത്ത് അമാനിയും സമാനമായ മറ്റൊരു മോഷണ പരാതി ചിതറ സ്റ്റേഷനിൽ തന്നെ നൽകിയിരുന്നു. ആ പരാതിയിലും മുബീനയെ സംശയിക്കുന്നതായി പറഞ്ഞിരുന്നു.

ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മുബീനക്കെതിരെ പുതിയ ഒരു പരാതി ഭർത്തൃ സഹോദരി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ നൽകുന്നത്. തുടർന്ന് പൊലീസ് മുബീനയെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.മുനീറയുടെ വീട്ടിലെ നിരീക്ഷണ കാമറ പരിശോധിച്ചതില്‍ മുബീന ദിവസങ്ങള്‍ക്കു മുമ്പ് വീട്ടിലെത്തി മടങ്ങിപ്പോകുന്ന ദൃശ്യം ലഭിച്ചു. തുടര്‍ന്ന് പരിശോധന നടത്തിയ ദിവസം വരെ ഇവിടെ മറ്റാരും വന്നിട്ടില്ലെന്നും വ്യക്തമായി. പൂട്ടിയിട്ടിരുന്ന വീട്ടിലെ താക്കോല്‍ സൂക്ഷിക്കുന്ന സ്ഥലമറിയാമായിരുന്ന മുബീന മുറിതുറന്ന് സ്വര്‍ണം മോഷ്ടിക്കുകയായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തങ്കിലും മോഷണം സമ്മതിക്കാന്‍ ആദ്യം തയ്യാറായില്ല. തെളിവുകള്‍ നിരത്തിയുള്ള ചോദ്യചെയ്യലില്‍ രണ്ടു മോഷണവും നടത്തിയത് താനാണെന്ന് മുബീന സമ്മതിച്ചു. ആഡംബര ജീവിതത്തിനായാണ് മോഷണം നടത്തിയതെന്നാണ് പൊലീസിനോട് പറഞ്ഞത്. വില്‍പന നടത്തിയ സ്വര്‍ണത്തിന്റെ ബാക്കിയും പണവും പൊലീസ് ഇവരുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: theftMubeena