Kerala

സമൂഹമാധ്യമങ്ങളിലൂടെ കെഎസ്ഇബിയ്‌ക്കെതിരെ പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി കൃഷ്ണന്‍കുട്ടി

Published by

ചെറുതോണി: കെഎസ്ഇബി ഓഫീസുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്കും, ജീവനക്കാര്‍ക്ക് നേരെയുള്ള കയ്യേറ്റങ്ങള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സമൂഹമാധ്യമങ്ങളിലൂടെ കെഎസ്ഇബിയ്‌ക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെയും നടപടിയുണ്ടാകും.
ഇടുക്കി ജില്ലയുടെ വൈദ്യുതിമേഖലയിലെ വികസനത്തിനായി 217.9 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി മന്ത്രി പറഞ്ഞു. 2026 ല്‍ പ്രത്യേക പാക്കേജ് പൂര്‍ത്തികരിക്കാനാണ് ലക്ഷ്യമിടുന്നത്. രാമക്കല്‍മേട്ടിലെ 220 കെ വി സബ് സ്റ്റേഷനുള്‍പ്പടെ അഞ്ച് പുതിയ സബ് സ്റ്റേഷനുകളുടെ നിര്‍മ്മാണം , മറ്റ് സ്റ്റേഷനുകളുടെ ശേഷിവര്‍ദ്ധിപ്പിക്കല്‍, 103 കിലോമീറ്റര്‍ നീളത്തില്‍ വൈദ്യുതിലൈന്‍ തുടങ്ങിയവയാണ് നടപ്പാക്കുക.
സംസ്ഥാനത്തെ വൈദ്യുതി ഉല്പാദനത്തിന്റെ അറുപത് ശതമാനവും സംഭാവന ചെയ്യുന്ന ഇടുക്കി ജില്ലയുടെ വൈദ്യുതിശൃംഖലാ വികസനത്തിനായി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 253 കോടിയുടെയും ആര്‍ഡിഎസ്എസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 52 കോടിയുടെയും ഇടുക്കി പാക്കേജില്‍ 217 കോടിയുടെയും ദ്യുതി പദ്ധതിയില്‍ 120 കോടിയുടെയും പ്രവൃത്തികളാണ് നിലവില്‍ നടന്നുവരുന്നു.
ഈ സര്‍ക്കാര്‍ അധികാരമേറിയ ശേഷം 958.5 മെഗാവാട്ട് അധിക വൈദ്യുതി ഉല്‍പാദിപ്പിച്ചു. 2010 ന് ശേഷം ജലവൈദ്യുതി ഉല്‍പാദനത്തില്‍ വലിയ കുതിപ്പാണ് ഉണ്ടായതെന്നും അദ്‌ദേഹം അവകാശപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക