ശ്രീനഗർ : ജമ്മു കശ്മീരിൽ ഉയർന്നുവരുന്ന ഭീകരവാദ ഭീഷണികളെ നേരിടാൻ സുരക്ഷാ സേന പുതിയ തന്ത്രം ആവിഷ്‌കരിച്ചതായി ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ശ്രീനഗറിലെ എസ്ടിസി ഹംഹാമയിൽ 629 ബിഎസ്എഫ് റിക്രൂട്ട്‌മെൻ്റുകളുടെ പാസിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഎസ്എഫ്, സൈന്യം, പോലീസ്, മറ്റ് ഏജൻസികൾ എന്നിവ തമ്മിലുള്ള ഏകോപനത്തിലൂടെ തീവ്രവാദ വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് സർക്കാരിന്റെ മുൻഗണനയാണെന്ന് ഗവർണർ പറഞ്ഞു. തീവ്രവാദത്തിന്റെ ആവാസവ്യവസ്ഥയെ തകർക്കാൻ ലഭ്യമായ എല്ലാ കഴിവുകളും ഉപയോഗിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കൂടാതെ ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന നടപടികൾ പാകിസ്ഥാൻ തുടരുകയാണെന്ന് സിൻഹ കുറ്റപ്പെടുത്തി. അതേ സമയം കശ്മീരിൽ വീഴുന്ന നിരപരാധികളുടെ ഓരോ തുള്ളി രക്തത്തിനും സുരക്ഷാ സേന പ്രതികാരം ചെയ്യും. ഗന്ദർബാലിൽ നിരപരാധികളായ തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ സൈനികർ കൊല്ലപ്പെട്ട ബാരാമുള്ളയിൽ നടന്ന മറ്റൊരു ആക്രമണത്തിലും അദ്ദേഹം അമർഷം രേഖപ്പെടുത്തി.
നിയന്ത്രണ രേഖയിൽ ബിഎസ്എഫ് എല്ലാ വെല്ലുവിളികളും നേരിടുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ഈ സാഹചര്യത്തിൽ ഡ്രോൺ വെല്ലുവിളികളെ നേരിടാൻ ബിഎസ്എഫും സുരക്ഷാ സേനയും സാങ്കേതിക കഴിവുകൾ നവീകരിക്കേണ്ടതുണ്ടെന്ന് ഗവർണർ ആവശ്യപ്പെട്ടു.
ആയുധങ്ങൾ മാത്രമല്ല മയക്കുമരുന്നുകളും ഡ്രോണുകൾ വഴി രാജ്യത്ത് പ്രവേശിക്കുന്നുണ്ട്. ഇത് നമ്മുടെ യുവതലമുറയെ നശിപ്പിക്കുന്നു. മയക്കുമരുന്ന് വിൽപ്പനയിലൂടെ സമ്പാദിക്കുന്ന ധനം തീവ്രവാദത്തിന് ഇന്ധനം പകരുന്നുണ്ടെന്നും അതിനാൽ നാം ഈ വെല്ലുവിളിയെ ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: