തൃശൂർ: പൂരം കലങ്ങിയിട്ടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദനെയും തള്ളി തിരുവമ്പാടി ദേവസ്വം. പൂരം കലങ്ങിയിട്ടില്ലെന്ന വാദം ശരിയല്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ പറഞ്ഞു. കാലത്ത് എഴുന്നെള്ളിപ്പ് തുടങ്ങുന്ന സമയം മുതൽ തടസങ്ങളുണ്ടായി. സർക്കാർ നിയോഗിച്ച ത്രിതല അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും ഗിരീഷ് കുമാർ പറഞ്ഞു.
തുശൂർ പൂരത്തിന് ഒരു ഘടനയുണ്ട്. 36 മണിക്കൂർ നീണ്ട് നിൽക്കുന്ന പൂരം ഒരു തടസങ്ങളുമില്ലാതെ പൂർത്തിയായാൽ മാത്രമേ അത് ഭംഗിയായി നടന്നുവെന്ന് പറയാനാവൂ. മന്ത്രിമാരുടെ നേതൃത്തിൽ ചേരുന്ന യോഗങ്ങളുടെ തീരുമാനം അനുസരിച്ചാണ് പൂരം മുന്നോട്ട് പോകുന്നത്. എന്നാൽ ഇത്തവണ അങ്ങനെയായിരുന്നില്ല. എഴുന്നെള്ളിപ്പ് നടന്നത് ബസുകൾക്കിടയിലൂടെയായിരുന്നു. ഒരു ഗതാഗതനിയന്ത്രണവും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും മുഖ്യമന്ത്രിയുടെ അഭിപ്രായത്തെ തള്ളി. പൂരം ചിട്ടയായി നടക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചു. ഉദ്യോഗസ്ഥൻമാരുടെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായി.ജനങ്ങൾക്ക് വടക്കുംനാഥന്റെ തിരുമുൻപിൽ എത്താൻ വളരെയധികം ബുദ്ധിമുട്ടുണ്ടായി. പൂരാസ്വാദകർ ഏറെ പ്രയാസം അനുഭവിച്ചു. എഴുന്നള്ളിപ്പുകളെ പലഘട്ടത്തിലും തടയുകയും ചെയ്തിരുന്നു. പൂരം കലക്കിയതിന് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ നിയോഗിച്ച തൃതല അന്വേഷണ സംഘം ഇതുവരെ ബന്ധപ്പെട്ടിട്ടില്ല.
പാറമേക്കാവ് ക്ഷേത്രത്തിന്റെ അഗ്രശാല കത്തിയ സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ടും ഇതുവരെ പുറത്ത് വന്നിട്ടില്ലെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: