കോട്ടയം: ഈ തീര്‍ഥാടനകാലത്ത് ശബരിമലയില്‍ റോപ്പ്വേയ്‌ക്ക് തുടക്കം കുറിക്കാനാകുമെന്നു ദേവസ്വംമന്ത്രി വി.എന്‍. വാസവന്‍. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ ഒരുക്കങ്ങള്‍ സംബന്ധിച്ചു എരുമേലി ദേവസ്വം ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. സമീപ ഭാവിയില്‍ റോപ്വേ യാഥാര്‍ഥ്യമാക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. റോപ്പ്വേയുമായി ബന്ധപ്പെട്ടു റവന്യൂ, വനം, ദേവസ്വം വകുപ്പു മന്ത്രിമാരുടെ മൂന്നുയോഗങ്ങള്‍ ഇതിനോടകം നടന്നു. ബന്ധപ്പെട്ട എല്ലാവരും ചേര്‍ന്ന അവസാനയോഗം കഴിഞ്ഞദിവസം പൂര്‍ത്തീകരിച്ചു. 2.7 കിലോമീറ്ററാണ് റോപ്വേ വരാന്‍ പോകുന്നത്. റോപ്വേയ്‌ക്ക് എടുക്കുന്നതിന് പകരം ഭൂമി വനം വകുപ്പിന് നല്‍കണം. കൊല്ലം ജില്ലയില്‍ പകരം ഭൂമി നല്‍കാന്‍ റവന്യൂവകുപ്പ് അന്തിമതീരുമാനമെടുത്തിട്ടുണ്ട്. ഈ തീര്‍ഥാടനകാലത്ത് റോപ്വേ യാര്‍ഥാര്‍ഥ്യമായില്ലെങ്കിലും തുടങ്ങിവയ്‌ക്കാനാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയില്‍ നിന്ന് സന്നിധാനം വരെയാകും റോപ്വേ. തീര്‍ഥാടകരെയും രോഗികളായവരെയും പല്ലക്കില്‍ ചുമന്നുകൊണ്ടുപോകുന്നത് അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക