കോഴിക്കോട്: പുസ്തക രചയിതാവിന്റെ വീക്ഷണങ്ങള്‍ തന്നെയാകും അതിന്റെ പ്രകാശനം നിര്‍വഹിക്കുന്ന ആളിനും എന്ന് കരുതേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വ്യക്തിപരമായ അഭിപ്രായം വ്യക്തിപരമായ വീക്ഷണം ആണ്. അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും പിണറായി പറഞ്ഞു.
സി പി എം നേതാവ് പി ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയന്.
പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രവാദചിന്ത വളര്‍ത്തിയെന്ന് പുസ്തകത്തില്‍ പരാമര്‍ശമുണ്ട്. മഅ്ദനിയിലൂടെ യുവാക്കാള്‍ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു. ബാബറി മസ്ജിദിന്റെ തകര്‍ച്ചക്ക് ശേഷമുളള മഅ്ദനിയുടെ പ്രഭാഷണ പര്യടനത്തിന് ഇതില്‍ പ്രധാന പങ്കുണ്ടെന്നും പി.ജയരാജന് പുസ്തകത്തില്‍ പറയുന്നു. മഅ്ദനിയുടെ ഐഎസ്എസ് മുസ്ലിം യുവാക്കള്‍ക്ക് ആയുധവും അത് ഉപയോഗിക്കാന്‍ പരിശീലനവും നല്‍കിയെന്ന ഗുരുതരമായ ആരോപണവും പുസ്തകത്തിലുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് എന്തായിരിക്കുമെന്ന ആകാംക്ഷയ്ക്കാണ് തനിക്ക് വ്യത്യസ്ത നിലപാടാണെന്ന വെളിപ്പെടുത്തലിലൂടെ പിണറായി വിജയന് അന്ത്യം കുറിച്ചത്.
മലപ്പുറത്ത് കൂടുതല്‍ കേസ് ഉണ്ടെന്ന് എവിടെയും ആരും പറഞ്ഞിട്ടില്ല. ശരി അല്ലാത്തത് പ്രചരിപ്പിച്ചു മലപ്പുറത്തെ അപകീര്‍ത്തിപ്പെടുത്തുകയാണ് ലീഗ് ചെയ്യുന്നതെന്നും മുഖ്യമന്ത്രിപറഞ്ഞു.മുസ്ലീം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും ഒരേ കണ്ണ് കൊണ്ടു കാണരുത്. ജമാഅത്തെ ഇസ്ലാമിയുടെ ലക്ഷ്യം ഇസ്ലാമിക രാഷ്ട്രമാണ്. ലീഗിന് ഇന്ത്യക്ക് പുറത്തു സഖ്യം ഇല്ല.എന്നാല്‍ ജമാ അത്തെ ഇസ്ലാമിക്ക് രാജ്യത്തിന് പുറത്തെ ഭീകര സംഘടനകളുമായി ബന്ധം ഉണ്ട്. ജമാ അത്തെ ഇസ്ലാമിക്ക് വേണ്ടത് ഇസ്ലാമിക സാര്‍വ ദേശീയതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, 2009ലെ മഅ്ദനി- സിപിഎം സഹകരണം സംബന്ധിച്ച് പുസ്തകത്തില്‍ പി.ജയരാജന് പരാമര്‍ശിച്ചിട്ടില്ല. മുസ്ലിം സമുദായത്തിനിടയില്‍ സ്വാധീനം കൂട്ടണം എന്ന് പി.ജയരാജന് പറയുന്നുണ്ട്. മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കായി ഇടപെടല്‍ നടത്തുമ്പോള്‍ ന്യൂനപക്ഷ പ്രീണനമെന്ന വിമര്‍ശനമാണ് കേള്‍ക്കുന്നത്. ഇടതിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടാകാന്‍ പ്രധാന പ്രതിബന്ധം ഇതാണെന്നും പുസ്തകത്തിലുണ്ട്.
കേരളത്തില്‍ നടന്ന ഐഎസ് റിക്രൂട്ട്മെന്റിനെ കുറിച്ചും പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വിരലിലെണ്ണാവുന്നവര്‍ ഐഎസില്‍ ആകൃഷ്ടരായി എന്നത് യാഥാര്‍ത്ഥ്യമാണെന്നും ഇത് പെരുപ്പിച്ച് കാട്ടി കേരള വിരുദ്ധ പ്രചാരണം നടത്തിയെന്നും ജയരാജന് വ്യക്തമാക്കി. കേരളത്തിലെ ക്യാമ്പസുകളില്‍ തീവ്രവാദ ആശയക്കാര്‍ ഒത്തുചേരുന്നുണ്ടെന്ന ഗുരുതര ആരോപണവും പുസ്തകത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: