ന്യൂദൽഹി: വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ജർമ്മൻ വിദേശകാര്യമന്ത്രി അന്നലീന ബെയർബോക്കുമായി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും പ്രാദേശികവും ആഗോളവുമായ നിരവധി വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്തി.
കൂടിക്കാഴ്ച സംബന്ധിച്ചുള്ള വിവരങ്ങളും ചിത്രങ്ങളും അദ്ദേഹം തന്റെ ഒദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവച്ചു. 7-ാമത് ഇന്ത്യ-ജർമ്മനി ഇൻ്റർ-ഗവൺമെൻ്റൽ കൺസൾട്ടേഷൻ (ഐജിസി) മീറ്റിംഗ് വിജയകരമായ ഒന്നാണെന്ന് ജയശങ്കർ വിശേഷിപ്പിച്ചു. കൂടാതെ ജർമ്മൻ വൈസ് ചാൻസലറും സാമ്പത്തിക കാര്യ-കാലാവസ്ഥാ മന്ത്രിയുമായ റോബർട്ട് ഹാബെക്കുമായും സംഭാഷണം നടത്തിയെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
ബെയർബോക്കും ഹാബെക്കുമുമായുള്ള തന്റെ വേറിട്ട മീറ്റിംഗുകളുടെ ചിത്രങ്ങളും അദ്ദേഹം പങ്കിട്ടു.ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് ജർമ്മൻ വൈസ് ചാൻസലറും വിദേശകാര്യ മന്ത്രിയും ഇന്ത്യയിലെത്തിയത്.
കഴിഞ്ഞ ദിവസം ഇന്ത്യ-ജർമ്മനി ഇൻ്റർ ഗവൺമെൻ്റൽ കൺസൾട്ടേഷനുകളുടെ ഏഴാം സമ്മിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചാൻസലർ ഷോൾസും പങ്കെടുക്കുകയും ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: