കണ്ണമ്പ്ര: ഔഷധ സസ്യമാണ് നായ്ക്കുരണച്ചെടിയെങ്കിലും ചൊറിയുമെന്നതിനാല് അടുത്തേക്ക് പോകാന്‍ ഒന്നു മടിക്കും. വീടിന്റെ പരിസരങ്ങളിലും മറ്റും കണ്ടാല്‍ വേരോടെ നശിപ്പിക്കുകയും ചെയ്യും. എന്നാല്‍ കണ്ണമ്പ്ര മാങ്ങോട്ടെത്തിയാല് ഒന്നരയേക്കറില്‍ നട്ടു വളര്‍ത്തിയ നായ്ക്കുരുണ തോട്ടം തന്നെ കാണാം. പൊടി തട്ടുമെന്നോ ചൊറിയുമെന്നോ പേടിയില്ലാതെ ഉടമ പി.ജെ. ജെലിനും തോട്ടം സൂപ്പര്‍വൈസര്‍ എ.ടി. സിനോജും കൃഷി പരിപാലനവുമായി ഇതിനുള്ളിലുണ്ടാകും.
അഞ്ചുവര്‍ഷം മുമ്പ് തുടങ്ങിയ ആഗ്രഹം ജെലിന് പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഓണ്‍ലൈനിലൂടെയും കൃഷി ഉദ്യോഗസ്ഥരില്‍ നിന്നും കൃഷിയെക്കുറിച്ച് പഠിച്ചു. മാങ്ങോട്ടില്‍ ആറേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ജെലിന് ഒന്നരയേക്കര്‍ സ്ഥലത്താണ് നാല് മാസം മുമ്പ് നായ്ക്കുരുണ ചെടിയുടെ വിത്തുകള്‍ പാകി കൃഷി തുടങ്ങിയത്. നിലവില്‍ പന്തല്‍ നിറയെ നായ്ക്കുരണ കായ്ച്ചുതുടങ്ങിയിട്ടുണ്ട്. രണ്ടുമാസം കൂടി കഴിഞ്ഞാല്‍ വിളവെടുപ്പിന് പാകമാകുമെന്ന് ജെലിന് പറയുന്നു.
വിളവെടുപ്പ് വെല്ലുവിളിയാണെങ്കിലും ദേഹം പൂര്‍ണമായും മറച്ച് സുരക്ഷിതമായി വിളവെടുക്കാനുള്ള സജ്ജീകരണങ്ങള്‍ ജെലിന് ഒരുക്കിയിട്ടുണ്ട്.
വിളവെടുക്കുന്ന കായ ഉണക്കി പാലില്‍ പുഴുങ്ങി ഉണക്കിപ്പൊടിച്ച് നേരിട്ട് വിപണയില്‍ വില്‍ക്കാനാണ് ജെലിന്റെ തീരുമാനം. നായ്ക്കുരണപൊടിക്ക് കിലോഗ്രാമിന് 4000 മുതല്‍ 5000 വരെ വിപണിയില്‍ വിലയുണ്ടെന്ന് ജെലിന് പറയുന്നു. ഒന്നരയേക്കറില്‍ നിന്ന് 750 കിലോഗ്രാം നായ്ക്കുരുണ പൊടി ഉത്പ്പാദിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. ആമ്പല്ലൂര്‍ മണ്ണംപേട്ട് സ്വദേശിയായ ജെലില്‍ നെല്ലിയാമ്പതിയിലും കിഴക്കഞ്ചേരിയിലും സ്ഥലം പാട്ടത്തിനെടുത്ത് കാപ്പി, കുരുമുളക്, അടയ്ക്ക, കൈതച്ചക്ക തുടങ്ങിയവ കൃഷി ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: