തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട്ട് ആന്‍ഡ് ഗ്രീന്‍ ഹാര്‍ബര്‍ നയത്തിന്റെ ഭാഗമായി മുതലപ്പൊഴി തുറമുഖ വികസനത്തിന് 177 കോടിയുടെ പദ്ധതി കേന്ദ്ര ഫിഷറീസ് മന്ത്രാലയം പദ്ധതി അംഗീകരിച്ചതായി ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചു. ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും.
കേന്ദ്ര ഫിഷറീസ് മന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് അതിവേഗത്തില്‍ അംഗീകാരം നല്‍കിയത്. പദ്ധതി ചെലവിന്റെ 60 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കുമ്പോള്‍ 40 ശതമാനം മാത്രം സംസ്ഥാനം കണ്ടെത്തിയാല്‍ മതി.
ഹാര്‍ബറിലെ അശാസ്ത്രീയ നിര്‍മാണം മൂലമുണ്ടാകുന്ന അപകടങ്ങള്‍ ലഘൂകരിക്കുന്നതിന് പൂനൈയിലെ സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍ റിസര്‍ച്ച് സ്‌റ്റേഷന്‍ (സിഡബ്ല്യുപിആര്‍എസ്) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഡിപിആര്‍ തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയിരുന്നു. തുടര്‍ന്ന് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് മന്ത്രി ജോര്‍ജ് കുര്യന്റെ ഇടപെടലിലൂടെ അംഗീകാരം ലഭിച്ചത്.
164 കോടിയുടെ പദ്ധതിയാണ് ആദ്യം സമര്‍പ്പിച്ചത്. ഹാര്‍ബറിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള അധികഘടകങ്ങള്‍ ഉള്‍പ്പെടുത്തി പ്രധാന്‍മന്ത്രി മത്സ്യസമ്പദ് യോജന പദ്ധതി വഴി 177 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചു കഴിഞ്ഞാല്‍, ബ്രേക്ക് വാട്ടര്‍ എക്സ്റ്റന്‍ഷനും റിമോട്ട് കണ്‍ട്രോള്‍ ബോയകളും ഉള്‍പ്പെടെയുള്ള വികസന പദ്ധതികളുടെ ഓരോ ഘടകത്തിനും സംസ്ഥാന സര്‍ക്കാര്‍ ടെണ്ടര്‍ നല്‍കും.
വാമനപുരം നദി അറബിക്കടലില്‍ ചേരുന്ന ഹാര്‍ബറിന്റെ പ്രവേശനകവാടത്തില്‍ മത്സ്യബന്ധനയാനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. സംസ്ഥാന മന്ത്രിമാര്‍ സ്ഥലത്തെത്തി ദുരന്തത്തില്‍പ്പെട്ടവരോട് തട്ടിക്കയറുന്നതും മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. തുടര്‍ന്ന് മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ പരിശ്രമഫലമായി 2023 ആഗസ്റ്റില്‍ കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം രൂപാലയും കേന്ദ്രമന്ത്രിമാരായ എല്‍. മുരുഗനും ഉദ്യോഗസ്ഥ സംഘവും മുതലപ്പൊഴിയിലെത്തി. സിഡബ്ലിയുആര്‍സിഎസ് റിപ്പോര്‍ട്ട് വന്നാലുടന്‍ മത്സ്യത്തൊഴിലാളികളുമായും ജനപ്രതിനിധികളുമായും സംസ്ഥാന സര്‍ക്കാരുമായും ചര്‍ച്ച ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് പര്‍ഷോത്തം രൂപാല ഉറപ്പും നല്‍കി. 2024 ജൂലൈയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ച നടത്തി. ജൂണില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപിയും മുതലപ്പൊഴി സന്ദര്‍ശിച്ച് മത്സ്യത്തൊഴിലാളികളുടെ അഭിപ്രായമാരാഞ്ഞു.
അടിക്കടി അപകടങ്ങള്‍ ആവര്‍ത്തിക്കുകയും എഴുപതിലേറെ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവഹാനിയും നൂറുക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുരുതരപരിക്കും നേരിട്ട മുതലപ്പൊഴി ഇതോടെയാണ് അപകടങ്ങളൊഴിവാക്കി നവീകരിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് പദ്ധതിക്ക് അംഗീകാരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: