ആലപ്പുഴ: അനധികൃതമായി രാജ്യത്തെത്തുന്ന വിദേശി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള സംസ്ഥാനത്തെ ആദ്യത്തെ ട്രാന്‍സിറ്റ് ഹോം 28ന് ആലപ്പുഴ വലിയകുളത്ത് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും. അനധികൃതമായെത്തുന്നവരെയും പാസ്പോര്‍ട്ട്, വിസ കാലാവധിക്ക് ശേഷം ഇവിടെ തുടരുന്നവരെയും മറ്റ് വിധത്തില്‍ സംരക്ഷണം ആവശ്യപ്പെടുന്നവരെയും നടപടി പൂര്‍ത്തീകരിക്കുന്നത് വരെ താമസിപ്പിക്കുന്നതിനുള്ള സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സംവിധാനമാണ് ട്രാന്‍സിറ്റ് ഹോം.
പുരുഷന്മാര്ക്കുള്ള ട്രാന്‍സിറ്റ് ഹോം കൊല്ലത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ നഗരപരിധിയില്‍ വലിയകുളത്തുള്ള കെട്ടിടം നവീകരിച്ച് ട്രാന്‍സിറ്റ് ഹോമിന് ആവശ്യമായ അടിസ്ഥാന സൗകര്യമൊരുക്കിയിട്ടുണ്ട്. 10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിതി കേന്ദ്രം മുഖേനയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. ട്രാന്‍സിറ്റ് ഹോം മാനേജരുടെ ചുമതല നിര്‍വഹിക്കുന്നതിന് പ്രൊബേഷന്‍ ഓഫീസറാണ്.
ട്രാന്‍സിറ്റ് ഹോം മാര്‍ഗനിര്‍ദേശപ്രകാരം സ്ഥാപനത്തിന്റെ സുരക്ഷാച്ചുമതല പോലീസിനാണ്. ജില്ലാ മജിസ്ട്രേറ്റ് അധ്യക്ഷനായ എട്ട് അംഗങ്ങളുള്ള ജില്ലാ മൂല്യനിര്‍ണയ കമ്മിറ്റി ആണ് ട്രാന്‍സിറ്റ് ഹോമിന്റെ പ്രവര്‍ത്തനവും നടത്തിപ്പും വിലയിരുത്തേണ്ടത്. പൗരത്വഭേദഗതി നിയമം നടപ്പാക്കിയപ്പോള്‍ ഇത്തരം ട്രാന്‍സിറ്റ് ഹോമുകള്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ കേരളത്തില്‍ തടങ്കല്‍ പാളയങ്ങള്‍ സ്ഥാപിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുടെ പ്രഖ്യാപനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: