Sports

ഭാരതത്തെ കായിക രാഷ്‌ട്രമായി കാണാനാഗ്രഹിക്കുന്നു: സച്ചിന്‍

Published by

കൊച്ചി: ഭാരതത്തെ ഒരു കായിക രാഷ്‌ട്രമായി കാണണമെന്നാണ് എപ്പോഴും സ്വപ്നം കാണുന്നതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. നാളെ കൊച്ചിയില്‍ നടക്കുന്ന ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തണ്‍ ഉദ്ഘാടനം ചെയ്യുന്നതിന് മുന്നോടിയായാണ് ഇതിഹാസതാരം അഭിപ്രായം പങ്കുവച്ചത്.

നാളെ നടക്കുന്ന ഈ മാരത്തണിന് തെന്റെ ഹൃദയത്തില്‍ സ്ഥാനം നല്‍കിയിരിക്കുന്നു. ഓരോ വര്‍ഷവും മാരത്തണില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതില്‍ ഏറെ സന്തോഷമുണ്ട്- സച്ചിന്‍ പറഞ്ഞു.

എറണാകുളം മറൈന്‍ഡ്രൈവ് ഗ്രൗണ്ടില്‍ നാളെ രാവിലെ ക്രിക്കറ്റ് ഇതിഹാസവും ഏജസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ബ്രാന്‍ഡ് അംബാസഡറുമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാരത്തണ്‍ ഫഌഗ്ഓഫ് ചെയ്യും. 8,000 പേരാണ് മാരത്തണിനായി രജിസ്റ്റര്‍ ചെയ്തത്, ഇത് സര്‍വകാല റിക്കാഡാണ്. മുന്‍ വര്‍ഷങ്ങളെ പോലെ മൂന്ന് വിഭാഗങ്ങളിലായിട്ടായിരിക്കും ഇത്തവണും മാരത്തണ്‍. ഫുള്‍ മാരത്തണ്‍ (42.2 കി.മീ) ആണ് പ്രധാന ഇനം. ഏകദേശം 600 പേര്‍ ഈ വിഭാഗത്തില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹാഫ് മാരത്തണിലും (21.1 കി.മീ) ഫണ്‍ റണ്ണിലും (5 കി.മീ) ഈ വര്‍ഷം പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്.

സോള്‍സ് ഓഫ് കൊച്ചി സംഘടിപ്പിക്കുന്ന മാരത്തണില്‍ നിരവധി എന്‍ജിഒകളുടെയും കോര്‍പ്പറേറ്റുകളുടെയും പങ്കാളിത്തമുണ്ട്. കൊച്ചി സിറ്റി പൊലീസിലെ 126 ഓട്ടക്കാരില്‍ 50 പേര്‍ വനിതകളാണ്. ജെയിന്‍ ഡീംഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 257 പേരും, ഫ്രാഗോമാനില്‍ നിന്ന് 205 പേരും മാരത്തണില്‍ പങ്കെടുക്കുന്നുണ്ട്. എയര്‍ ഇന്ത്യ, നേവി, ആര്‍ബിഐ, ഐഒസി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള മത്തായീസ് കുടുംബ ടീമിലെ 50 അംഗങ്ങളും മാരത്തണിനുണ്ട്. ഇതിന് പുറമേ മെഡിക്കല്‍ ട്രസ്റ്റ് ഹെല്‍ത്തി ഏജിങ് ഗ്രൂപ്പിലെയും മോംസ് ഓഫ് കൊച്ചിയിലെയും പ്രതിനിധികള്‍ ഫണ്‍ റണ്ണിലും പങ്കെടുക്കുന്നുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by