Kerala

മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിച്ച സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസ് മാപ്പ് പറയണം; കെ യു ഡബ്ലിയു ജെ

Published by

പാലക്കാട് : മാധ്യമ പ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും തട്ടിക്കയറുകയും ചെയ്ത മുതിര്‍ന്ന സിപിഎം നേതാവ് എന്‍ എന്‍ കൃഷ്ണദാസിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി . വളരെ ഹീനമായി മാധ്യമപ്രവര്‍ത്തകരെ അവഹേളിച്ച അദ്ദേഹം കേരള സമൂഹത്തോടും മാധ്യമപ്രവര്‍ത്തകരോടും മാപ്പ് പറയണമെന്ന് കെയുഡബ്ല്യുജെ ആവശ്യപ്പെട്ടു.

ജോലിയുടെ ഭാഗമായി പ്രതികരണം ചോദിച്ചപ്പോള്‍ ഇറച്ചി കടയുടെ മുന്നില്‍ പട്ടികള്‍ നില്‍ക്കുന്നതുപോലെ എന്ന അദ്ദേഹത്തിന്റെ പരാമര്‍ശം കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ അങ്ങേയറ്റം വേദനിപ്പിക്കുന്നതാണെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസ്താവിച്ചു.

സമൂഹത്തിന് മാതൃകയാകേണ്ട ഒരു മുതിര്‍ന്ന നേതാവില്‍ നിന്നാണ് ഇത്തരം അനുഭവം എന്നത് കേരള സമൂഹത്തെ ലജ്ജിപ്പിക്കുന്നതാണ് .മുന്‍ എം.പിയായ എന്‍ എന്‍ കൃഷ്ണദാസ് നടത്തിയ തരംതാഴ്ന്നതും അസഭ്യം കലര്‍ന്നതുമായ പ്രസ്താവന പിന്‍വലിക്കണം. മാധ്യമ സ്വാതന്ത്ര്യത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും എതിരാണ് അദ്ദേഹത്തിന്റെ നടപടിയെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ വിമര്‍ശിച്ചു.

എല്ലാ മുന്നണികളുടെയും വാര്‍ത്തകള്‍ ഒരേ പ്രാധാന്യത്തോടൊണ് മാധ്യമപ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നത്. എതിര്‍പാര്‍ട്ടികള്‍ക്കെതിരെ വാര്‍ത്തകളുണ്ടാകുമ്പോള്‍ ആഘോഷിക്കുന്ന നേതാക്കള്‍ തങ്ങള്‍ക്കെതിരെ വാര്‍ത്തയുണ്ടാകുമ്പോള്‍ അരിശംകൊള്ളുന്നത് എന്തിനാണ്? പ്രതികരിക്കാന്‍ താല്പര്യമില്ലെങ്കില്‍ അക്കാര്യം പറയാം എന്നിരിക്കെ ഹീനമായ ഭാഷയില്‍ അധിക്ഷേപിച്ചത് അങ്ങേയറ്റം തെറ്റായ നടപടിയാണ്. അധിക്ഷേപ പരാമര്‍ശം നടത്തിയതില്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം എന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by