India

ഇനി മുതല്‍ ധ്യാൻചന്ദ് അവാർഡ് ‘അർജുന അവാർഡ് ലൈഫ് ടൈം’; പേര് മാറ്റം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

Published by

ന്യൂഡൽ​ഹി: കായികരംഗത്തെ സമഗ്ര സംഭാവനക്കുള്ള കേന്ദ്ര ഗവർമെന്റിന്റെ പുരസ്കാരമായ ധ്യാൻ ചന്ദ് പുരസ്കാരത്തിന്റെ പേര് മാറ്റി. ഭാരതം കണ്ട മികച്ച ഹോക്കി കളിക്കാരനായ ധ്യാൻ ചന്ദിന്റെ പേരിൽ നൽകുന്ന ഈ ആജീവനാന്ത പുരസ്കാരം ഇനിമുതൽ അർജുന അവാർഡ് (ആജീവനാന്ത അംഗീകാരം) എന്ന പേരിലാകും സമ്മാനിക്കുക. മെഡലും പ്രശസ്തിപത്രവും 5,00,000 രൂപയുടെ കാഷ് അവാർഡും ഉൾപ്പെടുന്നതായിരുന്നു ധ്യാൻ ചന്ദ് പുരസ്കാരം.

ധ്യാൻചന്ദ് ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ‘അർജുന അവാർഡ് ലൈഫ് ടൈം’ എന്ന് പുനർനാമകരണം ചെയ്തെന്ന് കേന്ദ്ര കായിക മന്ത്രാലയം വ്യക്തമാക്കി. അതേസമയം, നാലു വർഷ കാലയളവിലെ മികവിനുള്ള അർജുന പുരസ്‌കാരം തുടരും. പരമോന്നത കായിക ബഹുമതി രാജീവ്‌ ഗാന്ധി ഖേൽ രത്ന എന്നതിന് പകരം മേജർ ധ്യാൻചന്ദ് ഖേൽ രത്‌ന എന്ന് മാറ്റിയിരുന്നു.

ഒളിമ്പിക് ഗെയിംസ്, പാരാലിമ്പിക് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ് തുടങ്ങിയ വിഭാഗങ്ങളിലെ വ്യക്തികൾക്കാണ് ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് നൽകുന്നത്. 2023ൽ മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ), വിനീത് കുമാർ (ഹോക്കി), കവിത സെൽവരാജ് (കബഡി) എന്നിവർക്കാണ് പുരസ്‌കാരം ലഭിച്ചത്. 2002-ൽ സ്ഥാപിതമായ ധ്യാൻചന്ദ് ലൈഫ് ടൈം അവാർഡ് പ്രശസ്ത ഹോക്കി ഇതിഹാസ താരം മേജർ ധ്യാൻചന്ദിന്റെ പേരിലാണ് അറിയപ്പെടുന്നത്. 2024-ലെ ദേശീയ കായിക പുരസ്കാരങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 14 ആണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക