അഹമ്മദാബാദ്: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജയിച്ച് ഭാരതം 1-0ന് മുന്നിലെത്തി. ഭാരത പര്യടനത്തിയ ന്യൂസിലന്‍ഡിനെ അഹമ്മദാബാദിലെ പിച്ചില്‍ 59 റണ്‍സിനാണ് തോല്‍പ്പിച്ചത്.
ഭാരതം മുന്നില്‍ വച്ച 228 റണ്‍സ് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 40.4 ഓവറില്‍ 168 റണ്‍സില്‍ ഓള് ഔട്ടായി. ഭാരത ബൗളര്‍മാരായ സൈമ തക്കോറിന്റെ രണ്ട് വിക്കറ്റ് പ്രകടനവും രാധാ യാദവിന്റെ മൂന്ന് വിക്കറ്റ് പ്രകടനവുമാണ് ന്യൂസിലാന്‍ഡിനെ തകര്‍ത്തത്. മത്സരത്തില്‍ ബ്രൂക്ക് ഹല്ലിഡേ(39), മഡ്ഡി ഗീന്(31) എന്നിവര്‍ മികവ് കാട്ടിയെങ്കിലും ഭാരതം കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്നു. ഒടുവില്‍ ന്യൂസിലാന്‍ഡിനായി അമേലിയ കെര്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഒടുവില്‍ എഡെന്‍ കാഴ്സണ് റണ്ണൗട്ടിലൂടെ പുറത്തോയതോടെ ഭാരതം വിജയം ഉറപ്പിച്ചു.
മത്സരത്തിന്റെ ടോസ് ഭാരതത്തിനായിരുന്നു. ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ കൂട്ടായ പോരാട്ടത്തിന്റെ ബലത്തിലാണ് പൊരുതാവുന്ന സ്കോറെങ്കിലും കണ്ടെത്തിയത്. ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. ഷഫാലി വര്‍മ(33), യസ്തിക ഭാട്ടിയ(37) എന്നിവര്‍ മുന്നോട്ട് നയിച്ച ഇന്നിങ്സിനെ ജമീമ റോഡ്രിഗസ്(35), തേജല്‍ ഹസാബ്നിസ്(42), ദീപ്തി ശര്‍മ(41) എന്നിവര്‍ നല്കിയ വിലപ്പെട്ട സംഭാവനയുടെ ബലത്തില്‍ സ്കോര്‍ 200 കടത്തി. ഒടുവില്‍ 44.3 ഓവറില്‍ ടീം 227 റണ്‍സില്‍ ഓള് ഔട്ടാകുകയായിരുന്നു. ന്യൂസിലാന്‍ഡിനായി അമേലിയ കെര്‍ നാല് വിക്കറ്റ് നേടി. മൂന്ന് വിക്കറ്റ് പ്രകടനവുമായി ജെസ് കെറും മികച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: