Kerala

ഡി.എ പ്രഖ്യാപനം ഉപതിരഞ്ഞെടുപ്പ് കാലത്ത് ജീവനക്കാരുടെ രോഷം ശമിപ്പിക്കാന്‍, അധികം വേണ്ടത് 2000 കോടി രൂപ

Published by

കോട്ടയം: ഉപതിരഞ്ഞെടുപ്പ് അടുത്തു, തൊട്ടു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഡി.എ പ്രഖ്യാപനവും വന്നു. 2021 ജൂലായ് മുതല്‍ മൂന്നു ശതമാനം ഡി.എ ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 19% എന്നിട്ടും ബാക്കിയാണ് . ഏപ്രില്‍ അനുവദിച്ച രണ്ട് ശതമാനം ഡി എയുടെ 39 മാസത്തെ കുടിശ്ശികയും ഇനിയും നല്‍കിയിട്ടില്ല.
ഇതെല്ലാം നിലനില്‍ക്കെ സര്‍ക്കാര്‍ ജീവനക്കാരുടെ അമര്‍ഷം അല്‍പ്പമെങ്കിലും ശമിപ്പിക്കുക ലക്ഷ്യമിട്ടാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഘട്ടത്തില്‍ ഒരു ഗഡു ക്ഷാമബത്ത അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഇലക്ഷന്‍ കമ്മീഷന്‍ വിലക്കിയാല്‍ അത്രയും ലാഭം എന്ന് കണക്കുകൂട്ടിയാണ് ഈ വൈകിയ വേളയില്‍ ഡി എ പ്രഖ്യാപിച്ചത്. എന്നാല്‍ ജൂലായില്‍ മുഖ്യമന്ത്രി നിയമസഭയില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിരുന്നതിനാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പരിധിയില്‍ വരില്ലെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്.
കേന്ദ്രസര്‍ക്കാരും അടുത്തിടെ മൂന്ന് ശതമാനം ഡി എ അനുവദിച്ചിരുന്നു. ഇതോടെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി. എ 53% ആയി. സംസ്ഥാനത്ത് ജീവനക്കാര്‍ക്ക് ലഭിക്കുന്നത് 19% ആണ്. 22 ശതമാനമായിരുന്നു കുടിശ്ശിക. പുതിയ വര്‍ദ്ധന വഴി സര്‍ക്കാരിന്റെ വാര്‍ഷിക ശമ്പള ചെലവില്‍ 2000 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് മന്ത്രി ബാലഗോപാലിന്‌റെ പരിഭവം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by