കല്ലറ: പാങ്ങോട് തണ്ണിച്ചാലില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അടച്ചുപൂട്ടിയ കശുവണ്ടി ഫാക്ടറി മാലിന്യപ്ലാന്റ് ആക്കി മാറ്റാന്‍ ശ്രമം. ആശുപത്രി മാലിന്യങ്ങളും ഗാര്‍ഹിക, പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടിക്കിടക്കുന്നു. പരിസരപ്രദേശം കടുത്ത ആരോഗ്യഭീഷണിയില്‍. ആശങ്കയില്‍ ഗ്രാമവാസികള്‍.
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ആശുപത്രിമാലിന്യങ്ങളും ഉള്‍പ്പെടെ സംസ്കരിക്കാനെന്ന പേരില്‍ ഇവിടെ എത്തിക്കുകയാണ്. കെ-സ്വിഫ്റ്റ് ലൈസന്‍സോടെയാണ് മാലിന്യം എത്തികുന്നതെന്നതിനാല് നടപടിയെടുക്കാനാവില്ലെന്നാണ് ഗ്രാമപഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ഇത് അനധികൃത സ്ഥാപനമാണെന്നും വാര്‍ഡ് മെമ്പര്‍ക്കും പഞ്ചായത്ത് ഭരണസമിതിയിലെ ചിലര്‍ക്കും മറ്റുചില രാഷ്ട്രീയ ഉന്നതര്‍ക്കും ബന്ധമുള്ള അനധികൃത സ്ഥാപനമാണെന്നുമാണ് നാട്ടുകാരുടെ ആരോപണം.
മാലിന്യം സംസ്കരിച്ച് തരംതിരിക്കാനുള്ള സംരഭമെന്ന് അവകാശപ്പെട്ടെങ്കിലും കേന്ദ്ര ഗ്രീന്‍ ട്രിബൂണലിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. കടയ്ക്കല്‍ ഭാഗങ്ങളിലുള്ള ചില ആശുപത്രികളിലെ മാലിന്യങ്ങള്‍ പോലും ഇവിടെ എത്തിക്കുന്നതായാണ് വിവരം.
ആശുപത്രി മാലിന്യങ്ങള്‍ ഐഎംഎ യുടെ ഇമേജ് എന്ന സംവിധാനം വഴിയാണ് സംസ്കരണത്തിന് നല്‍കേണ്ടത്. അതിനു പണം നല്‍കേണ്ടതുണ്ട്. ഇതൊഴിവാക്കാനാണ് തണ്ണിച്ചാലിലെ പഴയ കശുവണ്ടിഫാക്ടറിയില്‍ നിക്ഷേപിക്കുന്നത്. മരുന്നകുപ്പികള്‍, രാസ സമ്മിശ്രങ്ങള് സൂക്ഷിച്ച കുപ്പികള്‍, കീടനാശിനി കുപ്പികള്‍ എന്നിവയും മാലിന്യങ്ങളുടെ കൂട്ടത്തിലുണ്ട്. ഇവയില്‍ പലതും മാരക രോഗങ്ങള്ക്കിടയാക്കുന്നവയാണെന്ന ഭീതി പരിസരവാസികള്‍ക്കുണ്ട്. ഇതോടൊപ്പം സമീപത്തെ 28 ഓളം പഞ്ചായത്തുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗ ശ്യൂന്യമായ ചെരുപ്പുകള്‍, ബാഗുകള്‍, തുണികള്‍ മുതലായവയും ഇ-മാലിന്യങ്ങളും ഇവിടെയാണ് കൂട്ടിയിടുകയാണ്. മഴക്കാലത്ത് ഇവയില്‍ നിന്നും ഒലിച്ചിറങ്ങുന്ന മാലിന്യം നീരുറവകളില്‍ക്കൂടി കല്ലറ വാട്ടര്‍ അതോറിറ്റിയുടെ പമ്പിങ് ഏര്യയിലെത്തുന്നത് വലിയ ആരോഗ്യഭീഷണി ഉയര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: