കല്‍പ്പറ്റ: വയനാട്ടിലെ ചൂരല്‍മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ തുടര്‍ന്ന് സേവാഭാരതി പ്രഖ്യാപിച്ച ‘തലചായ്ക്കാനൊരിടം’ പുനരധിവാസ പ്രവര്‍ത്തനത്തിന് നിലമൊരുങ്ങി. കല്‍പ്പറ്റ രജിസ്ട്രാര്‍ ഓഫീസില്‍ ഇന്നലെ 4.5 ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിയതിന്റെ രജിസ്ട്രേഷന് നടത്തി. കുപ്പാടി വില്ലേജില്‍, നൂല്‍പ്പുഴ ശ്രീനിലയത്തില്‍ എം.കെ. മീനാക്ഷിയുടെയും മൂന്നു മക്കളുടെയും ഉടമസ്ഥതയിലുണ്ടായിരുന്നതാണ് വിലയ്ക്ക് വാങ്ങിയ 4.5 ഏക്കര്‍ സ്ഥലം.
മേപ്പാടിയില്‍ നിന്ന് ആറു കിലോമീറ്റര്‍ അടുത്ത് വൈത്തിരി താലൂക്കിലെ മൂപ്പൈനാട് പഞ്ചായത്തിലാണ് ഈ സ്ഥലം. തികച്ചും വാസയോഗ്യമായ ഭൂമി. പരിസ്ഥിതി പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കാതെ വീടുകള്‍ വെക്കാവുന്നയിടം. ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്ക് അഞ്ചു സെന്റ് ഭൂമിയില്‍ ‘തലചായ്ക്കാനൊരിട’മെന്ന പദ്ധതി സേവാഭാരതി പ്രഖ്യാപിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ഈ നിലമൊരുക്കല്‍.
കെട്ടിട നിര്മാണച്ചട്ടപ്രകാരം സര്‍ക്കാരില്‍ നിന്ന് വിവിധ അനുമതികള്‍ ലഭ്യമാകുന്ന മുറയ്ക്ക് വീട് നിര്‍മാണം തുടങ്ങുമെന്ന് സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി കെ.വി. രാജീവ് പറഞ്ഞു. രജിസ്ട്രാര്‍ ഓഫീസിന്റെ പരിസരത്ത് എം.കെ. മീനാക്ഷിയില്‍ നിന്ന് സേവാഭാരതി ഭാരവാഹികള്‍ രേഖ സ്വീകരിക്കുന്ന ചടങ്ങും നടന്നു.
സേവാഭാരതി സംസ്ഥാന ട്രഷറര്‍ പി.ആര്. രാജിമോള്‍, പര്യാവരണ്‍ വിഭാഗ് സംയോജകന്‍ സി.കെ. ബാലകൃഷ്ണന്, ജില്ലാ സേവാ പ്രമുഖ് കെ.ജി. സതീശന്, സേവാഭാരതി ജില്ലാ പ്രസിഡന്റ് കെ. സത്യന് നായര്‍, ജനറല്‍ സെക്രട്ടറി നീതു ജയ്സണ്‍, സംഘടനാ സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണന്, വൈസ് പ്രസിഡന്റ് പി. പരമേശ്വരന്, ജില്ലാ ട്രഷറര്‍ പി.ആര്. ചന്ദ്രമോഹന്, പ്രാന്തീയ ഘോഷ് പ്രമുഖ് ടി. സുബ്ബറാവു, വിഭാഗ് സഹസേവാ പ്രമുഖ് നിതിന്‍ കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ദുരന്തമുണ്ടായ ദിനം മുതല്‍ സേവാഭാരതി ദുരിതബാധിതര്‍ക്കായി പ്രവര്‍ത്തിച്ചുവരികയാണ്. സേവാഭാരതി പ്രവര്‍ത്തകര്‍ ഗ്രാമവാസികളെ അവരുടെ താല്‍ക്കാലിക വാസസ്ഥലങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ച് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റി വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: