Kerala

നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അനശ്വരനായി ഇപ്പോളഹം യാമി…

Published by

ചെര്‍പ്പുളശ്ശേരി: സരസനായ പച്ചമനുഷ്യനായും, വിഭിന്നനായ കലാപ്രവര്‍ത്തകന്‍, കഥകളി നടന്‍….ജീവിതത്തില്‍ പല വേഷങ്ങളും മനോഹരമായി ആടിയവസാനിച്ച് നരിപ്പറ്റ നാരായണന്‍ നമ്പൂതിരി അനശ്വരനായി.

ഒരുപക്ഷേ അദ്ദേഹം കണ്ടുവളര്‍ന്ന വാഴേങ്കട കുഞ്ചുനായരിലെ പൗരാണിക പരിജ്ഞാനവും അരങ്ങു ധര്‍മവും വായനയുടെയും പഠന നിരീക്ഷണങ്ങളുടെയും ആവിഷ്‌ക്കാര വിന്യാസവുമാകാം നല്ലൊരു വായനക്കാരനാകുവാന്‍ നരിപ്പറ്റക്ക് പ്രചോദനമായിട്ടുണ്ടാവുക. സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഔദ്യോഗികകാലം അഭിനയത്തിന്റെ കാര്യത്തിലും നരിപ്പറ്റ സ്വാംശീകരിച്ചു.

കാറല്‍മണ്ണ, ചെര്‍പ്പുളശ്ശേരി, വെള്ളിനെഴി ഭാഗങ്ങളിലെ ഇല്ലങ്ങളില്‍ മോഹവും ആനന്ദവുമായി കൊണ്ടുനടന്നുവന്ന കഥകളിയഭ്യസനം, നരിപ്പറ്റമനയിലും ആരംഭിച്ചപ്പോള്‍ നാരായണനും ആ സംഘത്തില്‍ ചേര്‍ന്നു. ഗോവിന്ദന്‍ ഭട്ടതിരിയായിരുന്നു ആശാന്‍. പത്താംക്ലാസ് പഠനവും കഥകളിയഭ്യസനവുമായി പേരൂര്‍ ഗാന്ധിസേവാസദനത്തില്‍ പിന്നീടദ്ദേഹം ചേര്‍ന്നു. ഇക്കാലത്ത് കഥകളിയിലെ ഒറ്റയാനെന്നു വിശേഷിപ്പിയ്‌ക്കാവുന്ന കീഴ്പടം കുമാരന്‍നായരാശാന്റെ കീഴിലുള്ള ശിക്ഷണം.

കഥകളിയില്‍ നിര്‍ബന്ധമായും ഉണ്ടായിരിയ്‌ക്കേണ്ടതും, എന്നാല്‍ എന്തുകൊണ്ടോ ഉണ്ടാകാതെ പോയതുമായ നാമമുദ്രകള്‍ കുറവല്ല. അതില്‍ പ്രധാനമാണ് നളനും ദമയന്തിയും പു
ഷ്‌ക്കരനും. നളചരിതത്തിന്റെ ജീവനാഡികളായ ഇവര്‍ക്ക് മുദ്രകളില്ല; അതേസമയം കലിയ്‌ക്ക് മുദ്രയുണ്ട്. ഇവിടെ നരിപ്പറ്റയിലെ ചിന്തകന്‍ ഒരുനാള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതോര്‍ക്കുന്നു. ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍കാവിലെ ഉത്സവക്കളി വേദിയില്‍ അദ്ദേഹം മഹാരഥന്മാരായ ആശാന്മാര്‍ക്കുമുമ്പില്‍, ന്യായാന്യായേന, സോദാഹരണം തന്റെ മുദ്രകള്‍ സമര്‍പ്പിച്ചു.

കീഴ്പടം കുമാരന്‍ നായര്‍ക്കു കീഴില്‍ സദനം കൃഷ്ണന്‍കുട്ടിയുടെ സമകാലീനനായി അഭ്യസിച്ച നാരായണന്‍നമ്പൂതിരി, സദനത്തില്‍ ഏകാധ്യാപകനായിരുന്നിട്ടുണ്ട്.

ഒരുകാലത്ത് കീഴ്പടത്തിന്റെ ഹനുമാനും ഇവരുടെ ലവകുശന്മാരും വേദികള്‍ക്ക് പ്രിയമായിരുന്നു. കലാമണ്ഡലത്തിലും, ഏറെകാലം കണ്ണൂര്‍ ചെറുകുന്നിലെ ആസ്തികാലയത്തിലും ആശാനായി പ്രവര്‍ത്തിച്ചു. എടുത്തുപറയേണ്ട മറ്റൊരു കളരി നെടുമ്പള്ളി കൃഷ്ണന്‍ നമ്പൂതിരിയുടെ ആഗ്രഹത്തിലും മേല്‍നോട്ടത്തിലും, ശ്രീകൃഷ്ണപുരം ഈശ്വരമംഗലം ക്ഷേത്രത്തിലും നെടുമ്പള്ളിമനയിലുമായി നടത്തിരുന്നവയാണ്. വിദേശികള്‍ ഈ കളരിയില്‍ അഭ്യസനത്തിനെത്തിയിരുന്നു. അത് നിരവധി വിദേശയാത്രകളും ബന്ധങ്ങളും സമ്മാനിച്ചു. ഇറ്റലി, ഇംഗ്ലണ്ട്, പോളണ്ട് ഫിന്‍ലാന്റ്, ഖത്തര്‍, മസ്‌കറ്റ്, ദുബായ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.

തോരണയുദ്ധം – കല്യാണസൗഗന്ധികം ഹനുമാനായും, നളചരിതം രണ്ടാംദിവസത്തിലെ കാട്ടാളനായും ദുര്യോധനനായും സന്താനഗോപാലത്തിലെ ബ്രാഹ്മണനായും രുക്മിണീ സ്വയംവരത്തിലെ സുന്ദരബ്രാഹ്മണനായും സുദേവനായും നരിപ്പറ്റ വേഷമിട്ടിരുന്നത് കഥകളിക്കമ്പക്കാരിന്നും ഓര്‍മച്ചെപ്പില്‍ സൂക്ഷിക്കുന്നുണ്ടാകും. പഠനകാലത്തു ലഭിച്ച കേന്ദ്ര ഫെല്ലോഷിപ്പ്, സംസ്ഥാന സര്‍ക്കാര്‍ സുവര്‍ണമുദ്ര എന്നിവ അംഗീകാരങ്ങളില്‍ ചിലതുമാത്രം.

ഏതാനും വര്‍ഷം മുമ്പുമുതല്‍ ഏഷ്യാനെറ്റിലെ മുന്‍ഷിയായി നരിപ്പറ്റ നാരായണന്‍ നമ്പൂതിരി വേഷമിട്ടു വരുന്നു. എവിടേയോ ഒരു ചിരിയൊതുക്കിവെച്ച സൗമ്യമായ ആ മുഖപ്രകൃതമാകാം അങ്ങനെയൊരു കഥാപാത്രത്തിനായി അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by