കോണ്‍ഗ്രസൊരു ഇത്തിക്കണ്ണിപ്പാര്ട്ടിയാണെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിന് അടിവരയിടുന്ന സംഭവമാണ് പ്രിയങ്ക വാദ്രയുടെയും നെഹ്റു കുടുംബത്തിന്റെയും വയനാട്ടിലേക്കുള്ള വരവ്. പ്രാദേശിക പാര്‍ട്ടികളുടെ വോട്ടുകള്‍ തിന്നു സ്വയം ഞെളിയുന്ന ഈ ഇത്തിക്കണ്ണി തന്ത്രമാണ് കഴിഞ്ഞ ഒരു ദശാബ്ദക്കാലത്തെ തന്റെ നേതൃത്വം കൊണ്ടു കോണ്‍ഗ്രസിനും ഇന്‍ഡി സഖ്യത്തിനും രാഹുല്‍ നല്കിയ സംഭാവന. പണ്ടു മുതലേ അമേഠി, റായ് ബറേലി തുടങ്ങിയ മണ്ഡലങ്ങളെ ബാധിച്ചിരുന്ന കുടുംബ രാഷ്ട്രീയം, വയനാടുവഴി കേരളത്തിലേക്കും എത്തുന്നുവെന്നുള്ളതാണ് പ്രിയങ്കയുടെ വരവോടെയുണ്ടാകുന്ന ദൗര്‍ഭാഗ്യകരമായ കാര്യം. ഇങ്ങനെയൊക്കെ സംഭവിക്കുമ്പോഴും രാഹുലും നെഹ്റു കുടുംബവും കോണ്‍ഗ്രസും രാജ്യത്തിന്റെ മറ്റിടങ്ങളില്‍ അപ്രസക്തമായി തുടരുകയാണ്. ഹരിയാനയും ജമ്മു കശ്മീരും ഉള്‍പ്പടെ, കഴിഞ്ഞ ഒരു ദശകത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തെളിഞ്ഞതും അതുതന്നെയാണ്. വടക്കന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ തള്ളിയ കുടുംബാധിപത്യത്തെ വയനാട്ടിലൂടെ പ്രബുദ്ധ കേരളം ഇരു കൈയും നീട്ടി സ്വീകരിക്കുകയാണ്. അഞ്ചു ലക്ഷത്തിലധികം വോട്ടു നേടി വിജയിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട്, മലയാളികള്‍ നെഹ്റു കുടുംബത്തിന് വിധേയാരാണെന്ന് പറയുവാന്‍ പോലും കോണ്‍ഗ്രസ് ധൈര്യപ്പെടുന്നു.
പാര്‍ലമെന്റിലെത്തി ജനങ്ങളെ സേവിക്കുകയാണ് പ്രയങ്കയുടെ ലക്ഷ്യമെങ്കില്‍ മാസങ്ങള്‍ക്ക് മുന്‍പ് നടന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാമായിരുന്നില്ലേ? രാഹുലിന്റെ നേതൃത്വത്തില്‍ വിശ്വാസമില്ലാത്തത് കൊണ്ടാവണം ലോകസഭാ തെരഞ്ഞെടുപ്പ് വേളയില്‍ മത്സരിക്കാതെ സഹോദരനെകൊണ്ടൊരു നാടകം കളിപ്പിച്ചു വയനാട് സീറ്റിലെ ഉപതെരഞ്ഞെടുപ്പുവരെ കാത്തിരുന്നത്. സമാജ് വാദി പാര്‍ട്ടിയുടെയും അഖിലേഷ് യദവിന്റെയും ചെലവില്‍ റായ് ബറേലിയില്‍ രാഹുല്‍ ജയിക്കുമെന്ന് അവര്‍ കണക്കുകൂട്ടിയിരിക്കണം.
പ്രിയങ്കയ്ക്ക് ഇപ്പോഴും രാഹുലില്‍ പ്രതീക്ഷയില്ലയെന്നുള്ളതിന്റെ മറ്റൊരു തെളിവാണ് പാര്‍ലിമെന്റിനുള്ളില്‍ കടക്കാന്‍ രണ്ടായിരത്തിലധികം കിലോമീറ്റര്‍ ദൂരം കടന്നു വടക്കന്‍ കേരളത്തില്‍ മാത്രമുള്ള മുസ്ലിം ലീഗിനെ ആശ്രയിക്കേണ്ട ഗതികേട് വന്നു ചേര്‍ന്നിട്ടുള്ളത്. അല്ലെങ്കില്‍ വയനാടിനൊപ്പം തന്നെ തെരഞ്ഞെടുപ്പു നടക്കുന്ന മഹാരാഷ്ട്രയിലെ നന്ദേഡ് മണ്ഡലത്തില്‍ മത്സരിക്കാന്‍ ആവേശം കാട്ടുന്നില്ലയെന്നുള്ളത് ചിന്തനീയമാണ്. മുസ്ലിം ലീഗും വലിയ രീതിയിലുള്ള അവരുടെ സംഘടിത വോട്ട് ബാങ്കുമാണ് കോണ്‍ഗ്രസിനും പ്രിയങ്കയ്ക്കും ലഭിക്കുന്ന ഗ്യാരണ്ടി. പ്രധാനമന്ത്രിയാവാന്‍ കാത്തിരുന്ന രാഹുലിനും 2019ലും 2024ലും ലഭിച്ച സമാന ഗ്യാരന്റിയാണ് സഹോദരിക്കും ലഭിച്ചിരിക്കുന്നത്. ഇതാണ് നെഹ്റു സ്ഥാപിച്ച കുടുംബാധിപത്യ സംസ്കാരം കോണ്‍ഗ്രസിനെ കൊണ്ടെത്തിച്ചിരിക്കുന്ന ദയനീയമായ അവസ്ഥ.
കോണ്‍ഗ്രസിന്റെ തോല്‍വികള്‍ക്ക് കെ.സി വേണുഗോപാലും ഖര്‍ഗേയും ചേര്‍ന്നു മാധ്യമങ്ങള്‍ക്ക് സ്ഥിരം എറിഞ്ഞു നല്കുന്ന രക്തസാക്ഷി നേതാക്കളെ മാറ്റി നിര്‍ത്തിയാല്‍ കോണ്‍ഗ്രസിന്റെ തോല്‍വികളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം നെഹ്റു കുടുംബത്തിന് തന്നെയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേടുന്ന വിജയങ്ങള്‍ക്ക് പാര്‍ട്ടിയും മാധ്യമങ്ങളും രാഹുലിന് നല്കുന്ന അനര്‍ഹമായ വിശേഷണങ്ങളും അവകാശ വാദങ്ങളും ഒഴിച്ചു നിര്‍ത്തിയാല്‍ വിജയങ്ങള്‍ക്ക് കൃത്യമായ മേല്‍വിലാസം കണ്ടെത്തുവാന്‍ പാര്‍ട്ടിക്ക് വിഷമിക്കേണ്ടി വരും. പ്രാദേശിക പാര്‍ട്ടികളുടെ കരുണയും ഒരോ സംസ്ഥാനത്തേയും രാഷ്ട്രീയ സാഹചര്യങ്ങളുമാണ് വിജയത്തിനായി കോണ്‍ഗ്രസ് തേടി നടക്കുന്നത്. അതാണ് വയനാട്ടിലേക്ക് വണ്ടികയറാന്‍ പ്രിയങ്കയെ പ്രേരിപ്പിക്കുന്നത്.
ബിജെപിയുമായി നേരിട്ട് ഏറ്റ് മുട്ടുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അമ്പേ പരാജയമാണ്. പാര്‍ട്ടിക്ക് കരുത്തുള്ള ഇടങ്ങളില്‍പ്പോലും രാഹുല്‍ ഗാന്ധിക്ക് കോണ്‍ഗ്രസിനെ ജയിപ്പിക്കാനാവുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അരാജകത്വ വാദവും ജാതി-മത ഭിന്നിപ്പും വളര്‍ത്താന്‍ ശ്രമിക്കുന്ന വടക്കന്‍ സംസ്ഥാങ്ങളില്‍ ഓരോ തോല്‍വി നല്‍കിയാണ് ജനങ്ങള്‍ മറുപടി നല്കിക്കൊണ്ടിരിക്കുന്നത്. ഹരിയാന തെരെഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് അമേരിക്കന്‍ മണ്ണില്‍ അദ്ദേഹം നടത്തിയ ഭാരത വിരുദ്ധയും ജനങ്ങളെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ തന്നെ രാഹുലിന്റെ അപക്വമായ നേതൃത്വം വീണ്ടും വീണ്ടും തെളിയിക്കുന്നതായിരുന്നല്ലോ. ഇതിന്റെയൊക്കെ ഫലമായി ബിജെപിയുടെ വിജയത്തിനേക്കാളുപരി കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിലും ഹരിയാനയിലും കോണ്‍ഗ്രസ് തുടര്‍ച്ചയായ മൂന്നാം വട്ടവും തോല്‍ക്കുന്ന സ്ഥിതിയാണുണ്ടായത്. വളരെ വലിയ പ്രചാരണീ നല്‍കിയാണ് ഭാരത് ജോഡോ യാത്ര കാശ്മീരിലെത്തിയത്. മോദിക്ക് പകരം വെയ്ക്കാവുന്ന ഒരു ദേശീയ നേതാവായി ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ അദ്ദേഹത്തെ ഉയര്‍ത്തിക്കാട്ടി. എന്നാല്‍ ജമ്മുവിലും കശ്മീരിലുമായി പാര്‍ട്ടി മത്സരിച്ചത് ആകെയുള്ള 90 സീറ്റില്‍ 32 എണ്ണത്തില്‍ മാത്രമാണ്. ഒറ്റയ്ക്ക് മത്സരിക്കാനുള്ള ധൈര്യം പോലും രാഹുലിനുണ്ടായില്ല. ആകെ ജയിക്കാനായത് ആറ് സീറ്റിലും. അതില്‍ നാഷണല്‍ കോണ്ഫ്രനസിന്റ ശക്തിയില്‍ കാശ്മീരില്‍ അഞ്ചും ജമ്മുവില്‍ ഒരു സീറ്റുമാണ് പാര്‍ട്ടി നേടിയത്. 2014 ല്‍ 17 ശതമാനം വോട്ടുകള്‍ ലഭിച്ച പാര്‍ട്ടിക്ക് ഇത്തവണ നേടാനായത് 12 ശതമാനം വോട്ട് മാത്രമാണ്. ഉപമുഖ്യമന്ത്രി സ്ഥാനമുള്‍പ്പടെ മന്ത്രി സ്ഥാനങ്ങള്‍ ആവശ്യപ്പെട്ട കോണ്‍ഗ്രസിന് സര്‍ക്കാരിന്റെ ഭാഗമാവാനാവാതെ നിരാശപ്പെടേണ്ടി വന്നു. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും ശെരിയായ രീതിയില്‍ സീറ്റ് വിഭജനം പോലും നടത്താനാവാതെ തോല്‍വി മുന്നില്‍ കണ്ടുകൊണ്ടുള്ള മെല്ലെപ്പോക്കാണ് രാഹുലും കൂട്ടരും ഇപ്പോള്‍ നടത്തികൊണ്ടിരിക്കുന്നത്.
52 സീറ്റുകളാണ് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് നേടാനായത്. 2014 നേക്കാള്‍ വെറും എട്ട് സീറ്റുകള്‍ മാത്രം കൂടുതല്‍. കേരളത്തിലും തമിഴ്നാട്ടിലും ലഭിച്ച പുതിയ 15 സീറ്റുകളാണ് കോണ്‍ഗ്രസിനെ 52-ലെത്തിച്ചത്. തമിഴ്നാട്ടില്‍ ഡി.എം.കെ യുടെ ഔദാര്യത്തിലും ശബരിമല പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിലനിന്നിരുന്ന പ്രത്യേക സാഹചര്യവുമാണ് പാര്‍ട്ടിയെ വിജയിപ്പിച്ചത്. എന്നാല്‍ 2024 ലെ തെരഞ്ഞെടുപ്പില്‍ 99 സീറ്റുകളിലേക്ക് പാര്‍ട്ടി എത്തിച്ചേര്‍ന്നുവെങ്കിലും സ്വന്തം കരുത്തില്‍ പാര്‍ട്ടി നേടിയ സീറ്റുകള്‍ വളരെ തുച്ഛ മാണ്. കര്‍ണാടക, ഹരിയാന, രാജസ്ഥാന്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഭീക്ഷണി ഉയര്‍ത്തി കുറച്ചു സീറ്റുകള്‍ നേടിയതൊഴിച്ചാല്‍ മദ്ധ്യപ്രദേശ്, ഗുജറാത്ത്, അസം, ഛത്തീസ്ഗഡ്, ഹിമാഞ്ചല്‍, ഡല്‍ഹി, ഒഡിഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാങ്ങളില്‍ ബിജെപിയുമായി നേരിട്ടേറ്റു മുട്ടിയപ്പോള്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. യു.പിയില്‍ അഖിലേഷ് യാദവിന്റെയും, മഹാരാഷ്ട്രയില്‍ ശിവസേനയുടെയും എന്‍സിപിയുടെയും തമിഴ് നാട്ടില്‍ ഡിഎംകെയുടെയും പഞ്ചാബില്‍ ആം ആദ്മിയുടെയും ചിറകിലേറിയാണ് പാര്‍ട്ടി ജയിച്ചത്. ആന്ധ്രാപ്രദേശ് ഉള്‍പ്പടെ പത്ത് സംസ്ഥാനങ്ങളിലും ദല്‍ഹി ഉള്‍പ്പടെ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോണ്‍ഗ്രസ് പൂജ്യം സീറ്റാണ് നേടിയത്. യഥാര്‍ത്ഥത്തില്‍ ബംഗാള്‍, മഹാരാഷ്ട്ര, യു.പി, ജാര്‍ഖണ്ഡ്, തമിഴ്നാട്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് സീറ്റ് കുറഞ്ഞത് കോണ്‍ഗ്രസിനോട് മത്സരിച്ചപ്പോഴല്ല മറിച്ച് പ്രാദേശിക കക്ഷികളോട് മത്സരിച്ചപ്പോഴാണ്. നിലവില്‍ ജമ്മു കാശ്മീരിലും ബിജെപി രണ്ടാം സ്ഥാനത്തായത് പ്രാദേശിക കക്ഷിയായ നാഷണല്‍ കോണ്ഫറന്സിനോടാണ്. ഇവിടെയെല്ലാം തന്നെ ഒരു ഇത്തിക്കണ്ണിയായി കോണ്‍ഗ്രസ് ഉണ്ടായിരുന്നുവെന്നുള്ളതാണ് സത്യം. എന്നാല്‍ ബിജെപി വിരുദ്ധ മാധ്യമങ്ങളും വിദഗ്ധരും കോണ്‍ഗ്രസ് വിജയമായും രാഹുല്‍ ഗാന്ധിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പായും ആഘോഷിച്ചു.
ഹരിയാനയിലും ജമ്മു കാശ്മീരിലുമുണ്ടായ തോല്വിയായിരിക്കണം നന്ദേഡില്‍ മത്സരിക്കാന്‍ പ്രിയങ്കയെ ഭയപ്പെടുത്തുന്നത്. എന്നാല്‍ കേരളത്തിലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുര്‍ഭരണം സൃഷ്ടിച്ചിരിക്കുന്ന ഭരണവിരുദ്ധ വികാരവും സംഘടിത മുസ്ലിം വോട്ട് ബാങ്കുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ മുസ്ലിം ഭൂരിപക്ഷമായ കശ്മീരിലും ക്രൈസ്തവ ഭൂരിപക്ഷമുള്ള വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളി കളഞ്ഞ യാഥാര്‍ഥ്യം മറച്ചു വെച്ചുകൊണ്ടാണ് മതേതരത്വത്തിന്റെ വ്യാജ മുഖം മൂടിയണിഞ്ഞു കൊണ്ടു രാഷ്ട്രീയ അഭയം തേടി പ്രിയങ്കയും വയനായിട്ടിലെക്കെത്തിയിരിക്കുന്നത്. ഇങ്ങനെ ഒരു കുടുംബത്തിനു അഭയം നല്‍കിയത് കൊണ്ടു വയനാടിനും കേരളത്തിനും എന്ത് നേട്ടമാണുണ്ടാകുകയെന്നത് ചിന്തിക്കേണ്ടത് കേരള സമൂഹമാണ് .
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: