ഗുരുവായൂര്‍: കൃഷ്ണതുളസിക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തി ഗുരുവായൂര്‍ ദേവസ്വം. തീരുമാനത്തിനെതിരെ ഭക്തജന പ്രതിഷേധം ശക്തമാകുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണതുളസി ഭഗവാന് അര്‍പ്പിക്കാനായി കൊണ്ടുവരരുതെന്ന് ഉച്ചഭാഷിണിയിലൂടെ ഇടയ്ക്കിടെ വിളിച്ചുപറയുന്നു. ഭഗവാന് പ്രിയമുള്ളതാണ് കൃഷ്ണതുളസിയെന്നാണ് ഭക്തരുടെ വിശ്വാസവും സങ്കല്പവും. കൃഷ്ണതുളസിക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ ഗൂഢലക്ഷ്യങ്ങളുള്ളതായും ഭക്തര്‍ ആശങ്കപ്പെടുന്നു. എന്തിനാണ് വിലക്കെന്ന് ഭക്തരെ ദേവസ്വം അറിയിക്കുന്നുമില്ല.
പല വസ്തുക്കളും കാണിക്കയായി ഭക്തര്‍ വിശ്വാസപൂര്‍വ്വം കണ്ണന്റെ തിരുമുന്നില്‍ സമര്‍പ്പിക്കുമ്പോള്‍, അതൊന്നും തന്നെ ഭഗവാന് പൂജയ്ക്കായി എടുക്കുന്നില്ലെന്ന് ദേവസ്വം അറിയിക്കാറില്ല. നേന്ത്രപ്പഴം, ഓണക്കോടി, മുന്തിയ ഇനം വെളിച്ചെണ്ണ, പച്ചക്കറികള്‍, അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ഭഗവാന് മുന്നില്‍ വിശ്വാസപൂര്‍വ്വം ഭക്തര്‍ തിരുമുല്‍ക്കാഴ്ച്ചയായി സമര്‍പ്പിക്കാന്‍ ദിവസവും കൊണ്ടുവരുന്നുണ്ട്. എന്നാല്‍ ഇത്തരം കാണിക്ക വസ്തുക്കള്‍ ഒന്നുംതന്നെ ഭഗവാന് സമര്‍പ്പിച്ചല്ല ഭക്തര്‍ക്ക് പ്രസാദമായി വിതരണം ചെയ്യുന്നത്. പഴവര്‍ഗങ്ങള്‍, അവില്, പച്ചക്കറി തുടങ്ങിയവയൊന്നും ഭഗവാന് പൂജക്കെടുക്കുന്നില്ലെന്നിരിക്കെ, ഇതൊന്നും കൊണ്ടുവരരുതെന്ന മുന്നറിയിപ്പ് ദേവസ്വം നല്‍കുന്നുമില്ല. എണ്ണിയാലൊടുങ്ങാത്തവിധം കദളിക്കുലകളാണ് ദിവസവും ഭഗവാന് കാണിക്കയായി ഭക്തര്‍ തിരുമുന്നില്‍ അര്‍പ്പിക്കുന്നത്. ഒരുകുലയും ഭഗവാന് പൂജ്ക്കായി ശ്രീകോവിലിനകത്തേക്ക് എത്തുന്നില്ലെന്നതാണ് വസ്തുത.
അതേസമയം, വിപണിയില്‍ നിന്ന് വാങ്ങിക്കൊണ്ടുവരുന്ന കൃഷ്ണതുളസിയില്‍ രാസമാലിന്യങ്ങള്‍ അടങ്ങിയതായി കണ്ട സാഹചര്യത്തിലാണ് ഒഴിവാക്കുന്നതെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. പി. വിനയന് വ്യക്തമാക്കി. ഇത് കൈകാര്യം ചെയ്യുന്ന ജീവനക്കാരുടെ കൈ പൊള്ളുന്നതടക്കമുള്ള പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രാസവസ്തുക്കളടങ്ങിയ കൃഷ്ണതുളസി ശ്രീകോവിലിനുള്ളില്‍ ഭഗവാന് അര്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: