ന്യൂദൽഹി : തൃണമൂൽ കോൺഗ്രസ് ജനാധിപത്യത്തെയും ഭരണഘടനയെയും കുറിച്ച് ധാരാളം സംസാരിക്കുന്നുണ്ടെങ്കിലും അതിന് വിപരീതമായാണ് പ്രവർത്തിക്കുന്നതെന്ന് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. വഖഫ് ഭേദഗതി ബിൽ 2024നെക്കുറിച്ചുള്ള സംയുക്ത പാർലമെൻ്ററി സമിതി സമ്മേളനത്തിൽ തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി മനപൂർവ്വം ഒരു ഗ്ലാസ് കുപ്പി പൊട്ടിച്ചതിനെയും തുടർന്ന് അദ്ദേഹത്തിനെ സസ്പെൻഡ് ചെയ്തതിനെയും പരാമർശിച്ചാണ് ബിജെപി നേതാവ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്.
അക്രമ രാഷ്ട്രീയത്തിന്റെ പുതിയ തലത്തിലേക്ക് ടിഎംസി എത്തിയെന്ന് അദ്ദേഹം വിമർശിച്ചു. എല്ലാ അവസരങ്ങളിലും ജനാധിപത്യത്തെക്കുറിച്ചോ ഭരണഘടനയെക്കുറിച്ചോ സംസാരിക്കുന്ന ഈ ആളുകൾ തന്നെയാണ് എല്ലാ ദിവസവും ഭരണഘടനയെയും ജനാധിപത്യത്തെയും അപമാനിക്കാൻ ശ്രമിക്കുന്നത്. പാർലമെൻ്റ് സംയുക്ത സമിതിയിൽ എംപിമാർ ഇങ്ങനെ പെരുമാറുകയും അക്രമം കാണിക്കുകയും മാന്യത താഴോട്ട് പോകുന്നതും നമ്മുടെ ജനാധിപത്യത്തിൽ അടുത്തെങ്ങും കണ്ടിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഇതിനു പുറമെ തൃണമൂൽ കോൺഗ്രസ് അക്രമത്തിന്റെ ഒരു പ്രതീകമായി മാറിയിരിക്കുന്നു. അവർ രാഷ്ട്രീയത്തെ അക്രമത്തെ ഒരു പുതിയ തലത്തിലേക്ക് എത്തിയിരിക്കുന്നു. ഇത് വളരെ തെറ്റാണെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാർലമെൻ്റ് മന്ദിരത്തിന് വലിയ ഭീഷണിയുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. ഭീഷണികൾ ഉണ്ടാക്കുന്നവർക്കെതിരെ വളരെ കർശനമായ നടപടിയെടുക്കണമെന്നും ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച ചേർന്ന വഖഫ് ബില്ലിന്മേലുള്ള സംയുക്ത പാർലമെൻ്ററി സമിതി യോഗത്തിൽ വിരമിച്ച ജഡ്ജിമാരും സുപ്രീം കോടതി അഭിഭാഷകരും ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: