ഗുവാഹത്തി : മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏകനാഥ് ഷിൻഡെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ പ്രശസ്തമായ മാ കാമാഖ്യ ക്ഷേത്രം സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. ഇന്ന് അദ്ദേഹം ക്ഷേത്രത്തിൽ പൂജാ വഴിപാടുകൾ നടത്തും.
അതേ സമയം ഇന്നലെ വൈകീട്ട് അദ്ദേഹം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തകരോട് സംവദിക്കുകയുണ്ടായി. മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കിയിട്ടുണ്ട്. അടുത്ത രണ്ടാം പട്ടിക ഉടൻ വരും. തങ്ങൾ പൂർണ്ണ ശക്തിയോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കും. ഉറപ്പായും മഹായുതി വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെയാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശിവസേന പുറത്തുവിട്ടത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ കോപ്രി-പച്ച്പഖാഡി നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. ജോഗേശ്വരി (കിഴക്ക്), സുഹാസ് ദ്വാരകാനാഥ് കാണ്ഡെ (നന്ദ്‌ഗാവോ), പ്രദീപ് ശിവനാരായണൻ ജയ്‌സ്വാൾ ഛത്രപതി സംഭാജിനഗർ (മധ്യം), നന്ദേഡ് നോർത്തിൽ നിന്നുള്ള ബാലാജി ദേവിദാസ്‌റാവു കല്യാൺകർ എന്നിവരാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് സ്ഥാനാർത്ഥികൾ.
രാജ് താക്കറെയുടെ മകൻ അമിത് താക്കറെയ്‌ക്കെതിരെ മാഹിം മണ്ഡലത്തിൽ നിന്നാണ് സദാ സർവങ്കർ മത്സരിക്കുന്നത്. ഒക്‌ടോബർ 18ന് നടന്ന യോഗത്തിൽ മുഖ്യമന്ത്രി ഷിൻഡെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർത്തണമെന്ന് പാർട്ടി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്‌ട്രയിൽ 2019 നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി 105 സീറ്റുകളും ശിവസേന 56 സീറ്റുകളും നേടിയപ്പോൾ കോൺഗ്രസിന് 44 സീറ്റുകൾ മാത്രമാണ് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: