മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 45 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശിവസേന പുറത്തിറക്കി. താനെ നഗരത്തിലെ കോപ്രി-പഞ്ച്പഖാദിയിൽ നിന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും അതത് സീറ്റുകളിൽ നിന്ന് അര ഡസനിലധികം കാബിനറ്റ് അംഗങ്ങളും നാമനിർദ്ദേശം ചെയ്തു.
ചൊവ്വാഴ്ച രാത്രി വൈകി പുറത്തുവിട്ട പട്ടിക പ്രകാരം 2022 ജൂണിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉദ്ധവ് താക്കറെയ്‌ക്കെതിരെ പട പൊരുതാൻ ഷിൻഡെയെ പിന്തുണച്ച എല്ലാ എംഎൽഎമാരെയും വീണ്ടും നോമിനേറ്റ് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കുന്ന രണ്ടാമത്തെ പ്രധാന രാഷ്‌ട്രീയ പാർട്ടിയായി ശിവസേന മാറി.
സഖ്യകക്ഷിയായ ബിജെപി ഞായറാഴ്ച 99 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തിറക്കിയിരുന്നു. 288 അംഗ മഹാരാഷ്‌ട്ര നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 20 നും വോട്ടെണ്ണൽ നവംബർ 23 നും നടക്കും.
ജൽഗാവ് റൂറൽ, സാവന്ത്‌വാഡി, സില്ലോഡ്, പാടാൻ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം മന്ത്രിമാരായ ഗുലാബ്രാവു പാട്ടീൽ, ദീപക് കേസർകർ, അബ്ദുൾ സത്താർ, ശംഭുരാജ് ദേശായി എന്നിവരെയാണ് പാർട്ടി വീണ്ടും മത്സരിപ്പിക്കുന്നത്. മറ്റൊരു കാബിനറ്റ് അംഗമായ ദാദാ ഭൂസെ നാസിക് ജില്ലയിലെ മാലേഗാവ് ഔട്ടർ അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കും.
മന്ത്രിമാരായ ഉദയ് സാമന്തും തനാജി സാവന്തും യഥാക്രമം രത്‌നഗിരിയിൽ നിന്നും പരന്ദയിൽ നിന്നും മത്സരിക്കും. മറ്റൊരു പ്രമുഖ നേതാവ് സദാ സർവങ്കർ മുംബൈയിലെ മാഹിമിൽ നിന്ന് തെരഞ്ഞെടുപ്പിനെ നേരിടും.
നിരവധി നേതാക്കളുടെ ബന്ധുക്കളെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്. രാജാപൂരിൽ നിന്ന് മന്ത്രി ഉദയ് സാമന്തിന്റെ സഹോദരൻ കിരൺ സാമന്തിന് ടിക്കറ്റ് നൽകിയിട്ടുണ്ട്. അന്തരിച്ച നിയമസഭാംഗം അനിൽ ബാബറിന്റെ മകൻ സുഹാസ് ബാബർ സാംഗ്ലി ജില്ലയിലെ ഖാനാപൂരിൽ മത്സരിക്കും.
മുംബൈ നോർത്ത്-വെസ്റ്റ് ലോക്‌സഭാ അംഗം രവീന്ദ്ര വൈക്കറിന്റെ ഭാര്യ മനീഷ വൈകർ ജോഗേശ്വരി ഈസ്റ്റ് മണ്ഡലത്തിൽ നിന്നും സേനാ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ആനന്ദ് അദ്‌സുലിന്റെ മകൻ അഭിജിത് അദ്‌സുൽ അമരാവതി ജില്ലയിലെ ദര്യപുരിൽ മത്സരിക്കും. ഛത്രപതി സംഭാജിനഗർ (ഔറംഗബാദ്) ലോക്‌സഭാംഗമായ സന്ദീപൻ ഭുംറെയുടെ മകൻ വിലാസ് ഭുംരെ പൈത്താനിൽ മത്സരിക്കും.
ബിജെപിയും ശിവസേനയും അജിത് പവാറിന്റെ എൻസിപിയും അടങ്ങുന്ന ഭരണകക്ഷിയായ മഹായുതി സഖ്യം ഏറെ പ്രതീക്ഷയോടെയാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക