India

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കനേഡിയന്‍ പാക് പൗരനുമായ തഹാവൂര്‍ റാണയെ ഡിസംബറില്‍ ഭാരതത്തിന് വിട്ടുകിട്ടും

Published by

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും കനേഡിയന്‍ പാക് പൗരനുമായ തഹാവൂര്‍ റാണയെ ഡിസംബറോടെ അമേരിക്ക ഭാരതത്തിന് കൈമാറിയേക്കും. യുഎസ് ജയിലിലുള്ള ഇയാളെ ഭാരതത്തിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്.

2009ല്‍ യുഎസ് പോലീസ് അറസ്റ്റു ചെയ്ത റാണയെ 2011ല്‍ ഷിക്കാഗോ കോടതി ശിക്ഷിച്ചിരുന്നു. ജയിലില്‍ കിടന്നും കേസില്‍ നിന്ന് ഊരിപ്പോരാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. പല കോടതികളില്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ എല്ലാം തള്ളുകയായിരുന്നു. സെപ്തംബര്‍ 23ന് യുഎസ് സര്‍ക്യുട്ട് കോടതിയും റാണയുടെ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് ഇയാളെ ഭാരതത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഊര്‍ജ്ജം പകര്‍ന്നത്.

ഇരു രാജ്യങ്ങളിലെയും നിയമ വകുപ്പ് ഉദ്യോഗസ്ഥരും അന്വേഷണ ഏജന്‍സികളും അടുത്തിടെ ന്യൂല്‍ഹിയിലെ യുഎസ് എംബസിയില്‍ റാണയുടെ വിട്ടുകിട്ടല്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ്, ഡിസംബര്‍ അവസാനം റാണയെ ഭാരതത്തിലെത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉണ്ടായത്. മുംബൈ ഭീകരാക്രമണത്തില്‍ പങ്കുള്ള ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി എന്നയാളെ യുഎസ് പൊലീസ് 2009ല്‍ കസ്റ്റഡിയിലെടുത്തിരുന്നു. 63-കാരനായ റാണയുടെ ബാല്യകാല സുഹൃത്താണ് ഹെഡ്‌ലി. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാണയിലേക്ക് അന്വേഷണം നീങ്ങിയത്. മുംബൈ ഭീകരാക്രമണത്തിലെ പങ്കിന് ഹെഡ്‌ലിയെ 35 വര്‍ഷത്തെ തടവിനാണ് യുഎസ് കോടതി ശിക്ഷിച്ചിരിക്കുന്നത്. മുംബൈ ഭീകരാക്രമണം, 2008 നവംബര്‍ 26നാണ് നടന്നത്. മൂന്ന് ദിവസം തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. ആക്രമണം നടത്താന്‍ ഭീകരര്‍ക്ക് സഹായങ്ങള്‍ ചെയ്തതിലും ആക്രമണം ആസൂത്രണം ചെയ്തതിലും തഹാവൂര്‍ റാണ പ്രധാന പങ്കുവഹിച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക