കോട്ടയം: സംസ്ഥാന നിയമസഭ, വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര നടപടിക്കെതിരെ പ്രമേയം പാസാക്കിയത് പ്രതിഷേധാര്‍ഹമെന്നും ഒരുനിലയ്‌ക്കും അംഗീകരിക്കാന്‍ കഴിയാത്തതെന്നും മുതിര്‍ന്ന ബിജെപി നേതാവ് പി. സി. ജോര്‍ജ്.
വഖഫ് നിയമത്തില്‍ 1995-ലും 2013-ലും വരുത്തിയ ഭേദഗതികള്‍ അനിയന്ത്രിതമായ അധികാരങ്ങളാണ് വഖഫ് ബോര്‍ഡിന് നല്‍കിയത്. ഒരു സ്ഥലം വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ ആ സ്ഥലം വഖഫ് ഭൂമിയാകും. പിന്നീട് ആ ഭൂമി തങ്ങളുടെതാണെന്ന് തെളിയിക്കേണ്ട ഉത്തരവാദിത്വം സ്ഥലത്തിന്റെ ഉടമയുടേതാണ്. അതും കോടതികള്‍ക്ക് പകരം വഖഫ് ട്രൈബ്യൂണലിലെത്തി രേഖകള്‍ ഹാജരാക്കി ബോധ്യപ്പെടുത്തണം.
ഭരണഘടനയ്‌ക്ക് മുകളില്‍ നില്ക്കുന്ന ഈ അധികാരം ജനാധിപത്യ രാജ്യത്ത് അനുവദിക്കാന്‍ കഴിയില്ല. മുനമ്പത്തെ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന കോണ്‍ഗ്രസാണ് നിയമസഭയില്‍ വഖഫ് ഭേദഗതി നിയമത്തിനെതിരെ ഏകകണ്‌ഠേന പ്രമേയം പാസാക്കുന്നത്. മുനമ്പത്തെ 600 ഓളം കുടുംബങ്ങളുടെ വീടുകളും, പള്ളിയും വര്‍ഷങ്ങള്‍ക്കു മുമ്പ് ഫറോഖ് കോളജ് മാനേജ്മെന്റിന്റെ കയ്യില്‍ നിന്ന് വില കൊടുത്തു വാങ്ങിയ ഭൂമിയിലാണ്. ഈ ഭൂമിയിലാണിപ്പോള്‍ വഖഫ് ബോര്‍ഡ് അവകാശം ഉന്നയിക്കുന്നത്. മുനമ്പം പശ്ചാത്തലത്തില്‍ കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ വഖഫ് നിയമം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്കിയിരുന്നു. ഇതിന് പുല്ലുവില നല്കിയാണ് കേരളത്തിലെ ക്രൈസ്തവ എംഎല്‍എമാര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രമേയം പാസാക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് അരമനയിലെത്തുന്ന ഇത്തരം കപട രാഷ്‌ട്രീയക്കാരെ മതമേലധ്യക്ഷന്മാര്‍ തിരിച്ചറിയണം. അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക