കണ്ണൂര്‍: കേരളത്തില്‍ താലിബാന്‍ ഭരണമാണെന്നും പിണറായിയുടെ ഭരണകാലത്ത് നിരവധി സര്‍ക്കാര്‍ ജീവനക്കാര്‍ ആത്മഹത്യ ചെയ്‌തെന്നും ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.പി. മുരളീധരന്‍. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് കേരള എന്‍ജിഒ സംഘ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പിണറായി ഭരണത്തില്‍ ആത്മഹത്യ ചെയ്ത സര്‍ക്കാര്‍ ജീവനക്കാരില്‍ ഏറെയും പോലീസ് ഉദ്യോഗസ്ഥരാണ്. നിര്‍ബന്ധിച്ച് എഫ്‌ഐആര്‍ ഫയല്‍ ചെയ്യിക്കുന്നതുള്‍പ്പടെയുള്ള സമ്മര്‍ദ്ദങ്ങളായിരുന്നു കാരണം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. പെട്രോള്‍ പമ്പ് ഇടപാടിലെ സാമ്പത്തിക സ്രോതസും അന്വേഷിക്കണം, അദ്ദേഹം ആവശ്യപ്പെട്ടു.
ദിവ്യയെ അറസ്റ്റ് ചെയ്യാത്തത് ജാമ്യം ലഭിക്കുന്നതിന് വേണ്ടി സിപിഎമ്മും പോലീസും തമ്മിലുള്ള ഒത്തുകളിയാണ്. നവീന്‍ ബാബു അംഗമായിരുന്ന ഇടത് സര്‍വീസ് സംഘടനകളുടെ പ്രതികരണമില്ലായ്മ കുറ്റകരമാണ്. നവീന്‍ ബാബുവിനെതിരെ വ്യാജ പരാതി ഉന്നയിച്ചതോടൊപ്പം കൂട്ട് പ്രതിയായ ടി.വി. പ്രശാന്തനെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: