തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കല്‍ നടന്നുകൊണ്ടിരിക്കുകയാണ്. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ വാര്‍ഡ് വിഭജനത്തിന്റെ കരട് നിര്‍ദേശങ്ങള്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 25 ആണ്. ജില്ലാ കളക്ടര്‍മാര്‍ കരട് വാര്‍ഡ് വിഭജന നിര്‍ദേശങ്ങള്‍ ഡീലിമിറ്റേഷന്‍ കമ്മീഷന് നവംബര്‍ അഞ്ചിനകം സമര്‍പ്പിക്കണം. നവംബര്‍ 16 ന് കരട് വാര്‍ഡ് വിഭജന റിപ്പോര്‍ട്ട് കമ്മീഷന് പ്രസിദ്ധീകരിക്കും. നിലവിലുള്ള വാര്‍ഡുകള്‍ 2001 ലെ സെന്‍സസ് ജനസംഖ്യ പ്രകാരം നിര്‍ണയിച്ചിട്ടുള്ളവയാണ്. 2011 ലെ സെന്‍സസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് ഇപ്പോള്‍ വാര്‍ഡ് പുനര്‍വിഭജനം നടത്തുന്നത്. സംസ്ഥാനത്തെ 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളുടെയും, 87 മുന്‍സിപ്പാലിറ്റികളിലെ 3241 വാര്‍ഡുകളുടെയും, ആറ് കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളുടെയും പുനര്‍വിഭജന പ്രക്രിയയാണ് നടന്നു വരുന്നത്.
വാര്‍ഡ് വിഭജനം ഡിജിറ്റലായി നടത്താനുള്ള ‘ക്യൂ ഫീല്‍ഡ്’ ആപ്പ് പണിമുടക്കുന്നതിനാല്‍ അതിര്‍ത്തി നിര്‍ണയം പലയിടത്തും പ്രതിസന്ധിയിലുമാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന് രൂപപ്പെടുത്തിയ ആപ്പ് ഓണ്‍ലൈനായും ഓഫ് ലൈനായും പ്രയോജനപ്പെടുത്താമെങ്കിലും പലവിധ സാങ്കേതിക പ്രശ്നങ്ങളാണ്. വരച്ച അതിര്‍ത്തികള്‍ സേവ് ചെയ്യാന്‍ പറ്റാതെ വരിക, ആപ്പ് തുറന്നുകിട്ടാന്‍ താമസം, ജോലി തുടര്‍ന്നുകൊണ്ടിരിക്കേ പ്രവര്‍ത്തനം നിലയ്ക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് നേരിടുന്നത്. പലയിടങ്ങളിലും ജോലി മുന്നോട്ടുപോയിട്ടില്ല. ഒരു ജോലിയും തുടങ്ങാനാകാത്ത പഞ്ചായത്തുകളുമുണ്ട്. പുഴ, വയല്‍, തോട്, കാട് തുടങ്ങിയ പ്രകൃതിദത്ത അതിര്‍ത്തികള്‍ നോക്കിയാണ് വാര്‍ഡുകള്‍ നിര്‍ണയിക്കേണ്ടത്. ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്തിയ ആപ്പ് ജോലി എളുപ്പമാക്കുമെന്നായിരുന്നു പ്രതീക്ഷ. സെക്രട്ടറിമാര്‍ക്ക് ഓഫീസില്‍ ഇരുന്നുതന്നെ പ്രാഥമികവിഭജനം നടത്താന്‍ കഴിയുമായിരുന്നു. പിന്നീട് ആവശ്യമായ ഇടങ്ങളില്‍ നേരിട്ടെത്തി സ്ഥിരീകരണം നടത്തിയാല്‍ മതി. ഇങ്ങനെ തയ്യാറാക്കുന്ന വിഭജനരേഖ പ്രിന്റെടുത്ത് സെക്രട്ടറി സാക്ഷ്യപ്പെടുത്തിയ ശേഷമാണ് കൈമാറേണ്ടത്. ആപ്പ് പണിമുടക്കുന്നതിനാല്‍ ഇതെല്ലാം അവതാളത്തിലാണ്.
വാര്‍ഡ് വിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായാണ് തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളുടെ ഡിജിറ്റല്‍ ഭൂപടം തയ്യാറാക്കുന്നത്. ഇതിനെതിരെ വ്യാപകമായ പ്രതിഷേധവും ഉയരുന്നുണ്ട്. സിപിഎമ്മിന് താത്പര്യമുള്ള രീതിയില്‍ വാര്‍ഡുകളെ അശാസ്ത്രീയമായി വെട്ടിമുറിക്കുന്നു എന്നതാണ് പ്രധാന പ്രശ്നം.
തദ്ദേശ സ്ഥാപനങ്ങള്‍ ചുമതലപ്പെടുത്തിയവര്‍ ഫോണില്‍ ക്യൂഫീല്‍ഡ് ആപ്പ് മുഖേന വാര്‍ഡുകളുടെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുകയും വാര്‍ഡുകളില്‍ ചെന്ന് ഡീലിമിറ്റ് ചെയ്ത് ഭൂപടം വരച്ച് സെക്രട്ടറിക്ക് നല്‍കാനുമായിരുന്നു നിര്‍ദേശം. എന്നാല്‍ പല സ്ഥലങ്ങളിലും ക്യൂഫീല്‍ഡ് ആപ്പില്‍ ഭൂപടം വരയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ഫീല്ഡിലിറങ്ങിയില്ല. സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണിതെന്നാണ് ആരോപണം. സിപിഎം നേതാക്കള്‍ തയ്യാറാക്കി നല്കുന്ന ഭൂപടം, വാര്‍ഡുകളില്‍ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെ കൊണ്ട് ആപ്പില്‍ വരപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ തിരുവനന്തപുരത്ത് ഉള്‍പ്പടെ വിവിധ കേന്ദ്രങ്ങളില്‍ ബിജെപി ജനകീയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിട്ടും നടപടി ഇല്ല എന്ന ആക്ഷേപം ശക്തമാണ്. ഇടതുപക്ഷത്തിന് മുന്‍തൂക്കം ലഭിക്കുന്ന തരത്തിലാണ് വിഭജനം എന്ന് വ്യക്തമാക്കുന്ന കൃത്യമായ തെളിവുകള്‍ ഒന്നൊന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടു ലഭിക്കുന്നവര്‍ ജയിക്കട്ടെ. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണ് വാര്‍ഡ് വിഭജനത്തിന്റെ മറവില്‍ ഇപ്പോള്‍ നടക്കുന്നത്. അത് അംഗീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: