India

അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ; പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്ന് ഫറൂഖ് അബ്ദുള്ള; അന്തംവിട്ട് കോണ്‍ഗ്രസ്

Published by

ശ്രീനഗര്‍: അമിത് ഷായ്‌ക്ക് ഫറൂഖ് അബ്ദുള്ളയുടെ പിന്തുണ. തുടര്‍ച്ചയായി തീവ്രവാദ ആക്രമണം അഴിച്ചുവിടുന്ന പാകിസ്ഥാനുമായി ഇന്ത്യ ചര്‍ച്ച നടത്തേണ്ടെന്ന നിലപാടിലാണ് ഇപ്പോള്‍ ഫറൂഖ് അബ്ദുള്ള. നാഴികയ്‌ക്ക് നാല്‍പത് വട്ടം മോദി സര്‍ക്കാരിനെ പഴി ചാരിയിരുന്ന ഫറൂഖ് അബ്ദുള്ള ഭരണം കയ്യില്‍ കിട്ടിയ ശേഷം മോദി സര്‍ക്കാരിന്റെയും അമിത് ഷായുടെയും നയങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടുകളാണ് എടുക്കുന്നത്. ഇതോടെ ഞെട്ടുന്നത് കോണ്‍ഗ്രസാണ്. കശ്മീരില്‍ എല്ലായ്പോഴും മോദി സര്‍ക്കാരിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കുറ്റപ്പെടുത്താറുള്ള ഫറൂഖ് അബ്ദുള്ളയുടെ ചുവടുമാറ്റം കണ്ട് വലിയ ഷോക്കിലാണ് കോണ്‍ഗ്രസുകാര്‍.

കഴിഞ്ഞ ദിവസമാണ് ജമ്മു കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ് അധികാരത്തിലേറിയത്. കോണ്‍ഗ്രസുമായി സഖ്യമുണ്ടെങ്കിലും തെരഞ്ഞെടുപ്പില്‍ ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടിയതോടെ കോണ്‍ഗ്രസിന് മന്ത്രിസ്ഥാനമൊന്നും നല്‍കാതെ നാഷണല്‍ കോണ്‍ഫറന്‍സ് തനിയെ ഭരിയ്‌ക്കുകയായിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് ജമ്മു കശ്മീരില്‍ അധികാരം ഏറ്റെടുത്ത ശേഷം തുടര്‍ച്ചയായി തീവ്രവാദ ആക്രമണങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസം ഏഴ് പേരെയാണ് തീവ്രവാദികള്‍ വെടിവെച്ച് കൊന്നത്. ഇതോടെ ഫറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫന്‍സിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ഇതിന് മറുപടിയായാണ് പാകിസ്ഥാനുമായി ചര്‍ച്ച വേണ്ടെന്നും കശ്മീര്‍ ഒരിയ്‌ക്കലും പാകിസ്ഥാന്‍ ആയി മാറില്ലെന്നും ഫറൂഖ് അബ്ദുള്ള തിരിച്ചടിച്ചത്. ഫറൂഖ് അബ്ദുള്ളയുടെ മകന്‍ ഒമര്‍ അബ്ദുള്ളയാണ് ജമ്മു കശ്മീരിലെ മുഖ്യമന്ത്രി.

കോണ്‍ഗ്രസിനെ കൈവിട്ട് കേന്ദ്രസര്‍ക്കാരിലേക്ക് ചാഞ്ഞ് ഫറൂഖ് അബ്ദുള്ള

തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്ത്യാമുന്നണിയുടെ ഭാഗമായിരുന്നു ഫറൂഖ് അബ്ദുള്ള. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രസര്‍ക്കാരിനെതിരെ ജനവികാരം ഇളക്കാന്‍ കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം ഫറൂഖ് അബ്ദുള്ള ശക്തമാക്കിയിരുന്നു. പക്ഷെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതോടെ അദ്ദേഹം 370ാം വകുപ്പ് പിന്‍വലിച്ച മോദി സര്‍ക്കാരിന്റെ നടപടിയെ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടെന്ന നിലപാട് സ്വീകരിച്ചിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാരിനെ തള്ളി പലപ്പോഴും പാകിസ്ഥാനെ പിന്തുണയ്‌ക്കുന്ന നിലപാട് എടുക്കുന്ന നേതാവായിരുന്നു ഫറൂഖ് അബ്ദുള്ള. പക്ഷെ നാഷണല്‍ കോണ്‍ഫറന്‍സ് കശ്മീരില്‍ അധികാരമേറ്റെടുത്ത ശേഷം രണ്ട് തവണ തീവ്രവാദ ആക്രമണം ഉണ്ടായതോടെ പാകിസ്ഥാനെതിരെ ശക്തമായ നിലപാട് എടുത്ത് കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്‌ക്കുകയാണ് ഫറൂഖ് അബ്ദുള്ള.

കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായിരുന്നു. പക്ഷെ സ്വതന്തന്മാര്‍ പിന്തുണ നല്‍കിയതോടെ നാഷണല്‍ കോണ്‍ഫറന്‍സിന് കേവല ഭൂരിപക്ഷംകിട്ടിയിരുന്നു. ആകെയുള്ള 90 സീറ്റുകളില്‍ 42 സീറ്റുകളില്‍ നാഷണല്‍ കോണ്‍ഫറന്‍സ് വിജയിച്ചിരുന്നു. ആറ് സ്വതന്ത്രന്മാരും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ നല്‍കി. ഇതോടെ നാഷണല്‍ കോണ്‍ഫറന്‍സിന് കേവല ഭൂരിപക്ഷമായി. തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യകക്ഷിയായിരുന്ന കോണ്‍ഗ്രസിന് ഒരു മന്ത്രിസ്ഥാനം പോലും നല്‍കാന്‍ ഫറൂഖ് അബ്ദുള്ളയോ മകന്‍ ഒമര്‍ അബ്ദുള്ളയോ തയ്യാറായില്ല. എന്നിട്ട് പോലും നാണം കെട്ട് കോണ്‍ഗ്രസ് നിരുപാധികം നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ആം ആദ്മിയും നാഷണല്‍ കോണ്‍ഫറന്‍സിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് ആറ് സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിപിഎമ്മിന് ഒരു സീറ്റും ആം ആദ്മിയ്‌ക്ക് ഒരു സീറ്റും ലഭിച്ചിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക