തിരുവനന്തപുരം: ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പ്രചാരണ വേദിയാക്കരുതെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി.
ഹിന്ദു ക്ഷേത്രങ്ങള്‍ ഭരിക്കുന്ന ദേവസ്വം ബോര്‍ഡുകള്‍ രാഷ്ട്രീയ പ്രചരണ വേദിയാക്കുന്ന ഇടതു പക്ഷ സര്‍ക്കാര്‍ വീണ്ടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിനകത്തു ദീപസ്തംഭത്തിനു സമീപത്തായി രാഷ്ട്രീയക്കാരുടെ ചിത്രങ്ങളുടെ പ്രദര്‍ശന ബോര്‍ഡ് വച്ചത് തികച്ചും ദുരുപദിഷ്ടമാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന് പറഞ്ഞു.
ദേവസ്വം ബോര്‍ഡ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ മറവില്‍ ക്ഷേത്രങ്ങളില്‍ ട്രേഡ് യൂണിയന് പ്രവര്‍ത്തകര്‍ കാട്ടിക്കൂട്ടുന്ന പ്രവര്‍ത്തികള്‍ ക്ഷേത്ര വിരുദ്ധമാണ്. ദേവസ്വം രൂപീകരിക്കപ്പെട്ടത് ക്ഷേത്ര പുണരുദ്ധാരണത്തിനും സംരക്ഷണത്തിനും വേണ്ടി വിശ്വാസികളുടെ നേതൃത്വമാണ്. അത് ക്ഷേത്ര വിരുദ്ധരുടെ കയ്യിലേക്ക് വഴുതി മാറുമെന്നും രൂപീകരണ ദിനാചരണം രാഷ്ട്രീയ പ്രചാരണ വേദിയാകുമെന്നും അവര്‍ വിഭാവനം ചെയ്തുകാണില്ല. ക്ഷേത്ര സമിതി ഓഫീസുകള്‍ രാഷ്ട്രീയ പ്രവര്‍ത്തന വേദിയാക്കുക, അവിടെ മാംസാഹാരവും മദ്യവും വിളമ്പുക തുടങ്ങിയവ ഇപ്പോള്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു.
ഗുരുവായൂര്‍ ക്ഷേത്രത്തിനുള്ളില്‍ ദീപസ്തംഭത്തിനു സമീപം ജീവനക്കാരും ബോര്‍ഡ് അംഗങ്ങളും തമ്മിലടിച്ചു രക്തം വീഴ്ത്തി അശുദ്ധമാക്കിയ വേദനാജനകമായ സംഭവം ഒരിക്കലുണ്ടായി. മന്നം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ഒരു ക്ഷേത്ര ജീവനക്കാരന് പ്രധാന ബലിക്കല്ലില്‍ ചവുട്ടിക്കയറി നിന്ന് മാറാലയടിച്ചു വൃത്തിയാക്കിയതും പത്ര വാര്‍ത്തയായിരുന്നു. തങ്ങളുടെ വിശ്വാസത്തെ ചവുട്ടി മെതിച്ചു ക്ഷേത്രങ്ങളെ ഈ വിധം ആവിശ്വാസികളുടെ കൂത്തരങ്ങാക്കി അധ:പ്പതിപ്പിക്കുന്നത് കണ്ണും പൂട്ടി സ്വീകരിക്കാന്‍ ഹിന്ദുക്കള്‍ ഇനിയും തയ്യാറാകുമെന്ന് കരുതരുത്. സര്‍ക്കാരിന് അനര്‍ഹമായ അധികാര ദുര്‍വിനിയോഗം ചെയ്യാനുള്ള സാങ്കേതമല്ല പരിപാവനമായ ക്ഷേത്രങ്ങള്‍ എന്നു ബോദ്ധ്യപ്പെടുത്താന്‍ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ ഹൈന്ദവ സമൂഹം തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യം സര്‍ക്കാര്‍ മനസ്സിലാക്കുന്നത് നന്ന്.
കെ. എസ്. നാരായണന് പ്രസ്താവനയില്‍ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: