കോട്ടയം: ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് പ്രചരണ ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്കിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിശ്വാസലംഘനം നടത്തുകയും ഭക്തജനങ്ങളെ വെല്ലുവിളിക്കുകയുമാണെന്ന് ഹിന്ദു ഐക്യവേദി.
ബോര്‍ഡ് രൂപീകരണത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ വിളംബരം പ്രഖ്യാപിച്ച് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ കുത്തിനിറച്ച് ദേവസ്വം യൂണിയനുകളുടെ പ്രചരണവേദി ആക്കുകയാണ് ക്ഷേത്രങ്ങളെ.
മുഖ്യമന്ത്രി, മന്ത്രിമാര്‍, അനുബന്ധ രാഷ്ട്രീയ നേതാക്കള്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രചരണ ബോര്‍ഡില്‍. ക്ഷേത്രപ്രവേശന വിളംബരം പ്രഖ്യാപിച്ച ശ്രീചിത്തിര തിരുനാള്‍ മഹാരാജാവിന്റെയോ, ദേവസ്വം നിയമം രൂപീകരിച്ച മന്നത്തു പദ്മനാഭന്, ആര്. ശങ്കര്‍ എന്നീ നേതാക്കളെയോ പ്രചരണ പോസ്റ്ററുകളില്‍ പരിഗണിച്ചിട്ടില്ല. പ്ലാറ്റിനം ജൂബിലി ആഘോഷം രാഷ്ട്രീയ പരിപാടിയായി മാറ്റുകയാണ് ഐക്യവേദി സംസ്ഥാന വക്താവ് ഇ.എസ്. ബിജു കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഡയറിയില്‍ മുഖ്യമന്ത്രിയടക്കമുള്ള രാഷ്ട്രീയക്കാരെ തിരുകിക്കയറ്റി. ശ്രീചിത്തിരുന്നാള് മഹാരാജാവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോ അപ്രധാനമായ പേജില്‍ ആണ് ചേര്‍ത്തത്. ദേവസ്വം നിയമത്തില്‍ ഭരണാധികാരികള്‍ രാഷ്ട്രീയക്കാരാകരുതെന്നാണ് വ്യവസ്ഥ. അടുത്തകാലത്തുണ്ടായ കോടതി ഉത്തരവില്‍ ഇത് നിഷ്കര്‍ഷിച്ചിട്ടുണ്ടെങ്കിലും ദേവസ്വം ബോര്‍ഡിന് ഇതൊന്നും ബാധകമല്ലെന്നത് നിയമവിരുദ്ധവും, കോടതിയലക്ഷ്യവും, ദേവസ്വം നിയമത്തിന്റെ ലംഘനവുമാണെന്ന് ബിജു ആരോപിച്ചു. ക്ഷേത്ര കോമ്പൗണ്ടിലും മൈതാനത്തും, കാവിക്കൊടിക്ക് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയ പ്രചാരണ ബോര്‍ഡിന് ക്ഷേത്ര മതില്‍ക്കകത്ത് അനുമതി നല്‍കിയത് വിരോധാഭാസമാണെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: