അഗർത്തല: ത്രിപുരയിലെ അഗർത്തല റെയിൽവെ സ്റ്റേഷനിൽ അനധികൃതമായി കടന്നെത്തിയ അഞ്ച് വിദേശികളെ പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഇവർ അറസ്റ്റിലായത്.
ഗവൺമെൻ്റ് റെയിൽവേ പോലീസ് , റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, രഹസ്യാന്വേഷണ ഏജൻസികൾ എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയതെന്ന് ജിആർപി ത്രിപുരയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന രണ്ട് ബംഗ്ലാദേശികളും മൂന്ന് മ്യാൻമർ പൗരന്മാരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. ഇവർ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോകാനായി ട്രെയിനിൽ കയറാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ സംശയാസ്പദമായ മൊഴികളാണ് പ്രതികൾ നൽകിയത്. ചിലർ ഹൈദരാബാദിലേക്ക് പോകുകയാണെന്ന് പറഞ്ഞു. മറ്റുള്ളവർ തങ്ങളുടെ ലക്ഷ്യസ്ഥാനം മുംബൈയാണെന്ന് സൂചിപ്പിച്ചു.
തുടർന്ന് ഇവരെ അഗർത്തല ജിആർപി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെ ഇവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. അന്വേഷണം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.
സംഭവത്തെക്കുറിച്ച് അഗർത്തല ജിആർപി പോലീസ് സ്‌റ്റേഷൻ ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കസ്റ്റഡിയിലെടുത്ത വ്യക്തികളിൽ ഒരാൾ മ്യാൻമറിലെ റാച്ചിദാങ്ങിൽ നിന്നുള്ള റോഹിം ഉള്ള (26) ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മ്യാൻമറിലെ റാച്ചിദാങ്ങിൽ നിന്നുള്ള എംഡി അയൂബ് (45), മ്യാൻമറിലെ റാച്ചിദാങ്ങിൽ നിന്നുള്ള ഹുസ്സനാര ബീഗം (32), നാല് വയസ്സുള്ള മകൻ അനീഷ് , ബംഗ്ലാദേശിലെ ബൊഗുരയിൽ നിന്നുള്ള ചാൻ മിയ (24), ബംഗ്ലാദേശിലെ ബൊഗുരയിൽ നിന്നുള്ള സബ്ബിർ ഹൊസൈൻ (24) എന്നിവരാണ് മറ്റുള്ളവർ.
അതേ സമയം കൂടുതൽ അന്വേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: