”സ്ലിപ്പര്‍ ചെരുപ്പിടുന്ന സാധാരണക്കാരനും വിമാനത്തില്‍ സഞ്ചരിക്കണം; ഇതാണെന്റെ സ്വപ്നം” – പ്രധാനമന്ത്രി നരേന്ദ്ര മോദി
ആകാശം പലപ്പോഴും പ്രത്യാശയുടെയും അഭിലാഷത്തിന്റെയും പ്രതീകമായ ഒരു രാജ്യത്ത്, ആകാശയാത്ര എന്ന സ്വപ്നം പലര്‍ക്കും അവ്യക്തമായ ആഡംബരമാണ്. 2016 ഒക്ടോബര്‍ 21 ന് റീജിയണല്‍ കണക്റ്റിവിറ്റി സ്കീം (ആര്‍സിഎസ്)- ഉഡാന്‍ അല്ലെങ്കില്‍ ‘ഉഡേ ദേശ് കാ ആം നാഗരിക്’ ആരംഭിച്ചതോടെയാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാന്‍ തുടങ്ങിയത്. വ്യോമയാന മന്ത്രാലയത്തിന്റെ (എംഒസിഎ) നേതൃത്വത്തിലുള്ള ഉഡാന്‍,
രാജ്യത്തുടനീളമുള്ള സേവനമില്ലാത്തതും സര്‍വീസ് ചെയ്യപ്പെടാത്തതുമായ വിമാനത്താവളങ്ങളില്‍ നിന്ന് പ്രാദേശിക വ്യോമ സമ്പര്‍ക്കസൗകര്യം വര്‍ധിപ്പിക്കാനും സാധാരണക്കാര്‍ക്ക് വിമാന യാത്ര താങ്ങാനാവുന്നതാക്കി മാറ്റാനും ലക്ഷ്യമിടുന്നു. അതിന്റെ ഏഴാം വാര്‍ഷികമാണ് ഭാരതം ആഘോഷിക്കുന്നത്.
സ്വപ്നം കുതിച്ചുയരുന്നു
ദേശീയ വ്യോമയാന നയം പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള സുപ്രധാന യോഗത്തില്‍ വിമാന യാത്രയെ ജനാധിപത്യവത്കരിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു. സാധാരണക്കാരന്റെ സ്വപ്നങ്ങളോടുള്ള ഈ പ്രതിബദ്ധതയാണ് ഉഡാന്റെ പിറവിയിലേക്ക് നയിച്ചത്.
2017 ഏപ്രില്‍ 27 ന് ഷിംലയിലെ ശാന്തമായ കുന്നുകളെ തിരക്കേറിയ ദല്‍ഹിയുമായി ബന്ധിപ്പിക്കുന്ന ആദ്യത്തെ ഉഡാന്‍ വിമാനം പറന്നുയര്‍ന്നു. എണ്ണമറ്റ പൗരന്മാര്ക്ക് ആകാശം തുറക്കുന്ന ഈ ഉദ്ഘാടന വിമാനം ഇന്ത്യന്‍ വ്യോമയാനത്തിലെ പരിവര്‍ത്തന യാത്രയുടെ തുടക്കം കുറിച്ചു.
വിപണി അടിസ്ഥാനപ്പെടുത്തിയ സമീപനമായ ഉഡാന്‍ വിപണി അധിഷ്ഠിത മാതൃകയിലാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ വിമാനക്കമ്പനികള്‍ നിര്‍ദ്ദിഷ്ട പാതകളിലെ ആവശ്യം വിലയിരുത്തുകയും ലേല റൗണ്ടുകളില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു. വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് (വിജിഎഫ്), എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവ നല്കുന്ന വിവിധ ഇളവുകള്‍ എന്നിവയിലൂടെ സേവനാനുകുല്യങ്ങള്‍ പരിമിതമായി മാത്രം ലഭിക്കുന്ന പ്രദേശങ്ങളെ ബന്ധിപ്പിക്കാന്‍ ഈ പദ്ധതി വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നു.
പിന്തുണാ സംവിധാനങ്ങള്‍
ലാഭം കുറഞ്ഞ വിപണികളില്‍ വിമാന സര്‍വീസുകള്‍ നടത്താന്‍ വിമാനക്കമ്പനികളെ ആകര്‍ഷിക്കുന്നതിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ എടുത്തിട്ടുണ്ട്: എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍: ആര്‍സിഎസ് വിമാനങ്ങളുടെ ലാന്‍ഡിംഗ്, പാര്‍ക്കിംഗ് ചാര്‍ജുകള്‍ അവര്‍ ഒഴിവാക്കുന്നു, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഈ വിമാനങ്ങളില്‍ ടെര്‍മിനല്‍ നാവിഗേഷന്‍ ലാന്‍ഡിംഗ് ചാര്‍ജുകള്‍ (ടിഎന്‍എല്‍സി) ഈടാക്കില്ല. കൂടാതെ, ഡിസ്കൗണ്ട് റൂട്ട് നാവിഗേഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ചാര്‍ജ് (ആര്‍എന്‍എഫ്സി) ബാധകമാണ്.
കേന്ദ്ര സര്‍ക്കാര്‍: ആദ്യ മൂന്ന് വര്‍ഷത്തേക്ക് ആര്‍സിഎസ് വിമാനത്താവളങ്ങളില്‍ വാങ്ങുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) എക്സൈസ് തീരുവ രണ്ട് ശതമാനമായി നിജപ്പെടുത്തി. തങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നതിന് കോഡ്-പങ്കിടല്‍ കരാറുകളില്‍ ഏര്‍പ്പെടാനും വിമാനക്കമ്പനികളെ പ്രോത്സാഹിപ്പിച്ചു.
സംസ്ഥാന സര്‍ക്കാരുകള്‍: പത്ത് വര്‍ഷത്തേക്ക് എടിഎഫിന്റെ വാറ്റ് ഒരു ശതമാനമോ അതില്‍ കുറവോ ആയി കുറയ്ക്കാനും സുരക്ഷ, അഗ്നിശമന സേവനങ്ങള്‍, യൂട്ടിലിറ്റി സേവനങ്ങള്‍ തുടങ്ങിയ അവശ്യ സേവനങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാനും സംസ്ഥാനങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്.
ഈ സഹകരണ ചട്ടക്കൂട് വിമാനക്കമ്പനികള്‍ക്ക് അഭിവൃദ്ധി പ്രാപിക്കാന്‍ കഴിയുന്ന അന്തരീക്ഷം വളര്‍ത്തിയെടുത്തു.
വ്യോമയാന വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന ആര്‍സിഎസ്-ഉഡാന്‍ പദ്ധതി ആഭ്യന്തര വ്യോമയാന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷമായി, പുതിയതും വിജയകരവുമായ നിരവധി വിമാന സര്‍വീസുകളുടെ ആവിര്‍ഭാവത്തിന് ഇത് ഉത്തേജകമായി. ഫ്ളൈബിഗ്, സ്റ്റാര്‍ എയര്‍, ഇന്ത്യ വണ്‍ എയര്‍, ഫ്ളൈ 91 തുടങ്ങിയ പ്രാദേശിക വിമാനക്കമ്പനികള്‍ക്ക് ഈ പദ്ധതിയില്‍ നിന്ന് പ്രയോജനം ലഭിച്ചു. സുസ്ഥിര വ്യാപാര മാതൃകകള്‍ വികസിപ്പിച്ചെടുക്കുകയും പ്രാദേശിക വിമാന യാത്രകള്‍ക്കായി വളര്‍ന്നുവരുന്ന ഒരു ആവാസവ്യവസ്ഥയ്ക്ക് സംഭാവന നല്‍കുകയും ചെയ്തു.
വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നു
ടയര്‍-2, ടയര്‍-3 നഗരങ്ങളിലേക്ക് സാര്‍വത്രിക എത്തിച്ചേരല്‍ സൗകര്യം നല്‍കുന്നതിന് മാത്രമല്ല ആര്‍സിഎസ്-ഉഡാന്‍ സമര്‍പ്പിച്ചിരിക്കുന്നത്. വളര്‍ന്നുവരുന്ന വിനോദസഞ്ചാര മേഖലയുടെ പ്രധാന സംഭാവനയായി ഇത് നിലകൊള്ളുന്നു. ഉഡാന്‍ 3.0 പോലുള്ള സംരംഭങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയിലെ നിരവധി സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന വിനോദസഞ്ചാര വഴികള്‍ അവതരിപ്പിച്ചു, അതേസമയം വിനോദസഞ്ചാരം, ആതിഥ്യമര്യാദ, പ്രാദേശിക സാമ്പത്തിക വളര്‍ച്ച എന്നിവയെ ഉത്തേജിപ്പിക്കുന്നതിനായി മലയോര മേഖലകളില്‍ ഹെലികോപ്റ്റര്‍ സേവനങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഉഡാന്‍ 5.1 ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഖജുരാഹോ, ദിയോഘര്‍, അമൃത്സര്‍, കിഷന്‍ഗഡ് (അജ്മീര്‍) തുടങ്ങിയ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ പ്രാപ്യമാണ്. പാസിഘട്ട്, സിറോ, ഹോളോംഗി, തേസു എന്നിവിടങ്ങളില്‍ വിമാനത്താവളങ്ങള്‍ ആരംഭിച്ചത് വടക്കുകിഴക്കന്‍ ടൂറിസം വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായി. ലക്ഷദ്വീപിലെ വിനോദസഞ്ചാരം വര്‍ധിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ വ്യോമയാന ഭൂപടത്തില്‍ അഗത്തി ദ്വീപും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ലക്ഷദ്വീപിലെ വിനോദസഞ്ചാരം ശക്തിപ്പെടുത്തും.
വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നു
ഗുജറാത്തിലെ മുന്ദ്ര മുതല്‍ അരുണാചല്‍ പ്രദേശിലെ തേസു വരെയും ഹിമാചല്‍ പ്രദേശിലെ കുളു മുതല്‍ തമിഴ്നാട്ടിലെ സേലം വരെയും ആര്‍സിഎസ്-ഉഡാന്‍ രാജ്യത്തുടനീളമുള്ള 34 സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ബന്ധിപ്പിച്ചിരിക്കുന്നു. ദര്‍ഭംഗ, പ്രയാഗ് രാജ്, ഹുബ്ബള്ളി, ബെല്ഗവി, കണ്ണൂര്‍ തുടങ്ങിയ വിമാനത്താവളങ്ങള്‍ കൂടുതല്‍ സുസ്ഥിരമാകുന്നു. ഈ സ്ഥലങ്ങളില്‍ നിന്ന് നിരവധി ആര്‍സിഎസ് ഇതര വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ദര്‍ഭംഗ, ഝാര്‍സുഗുഡ, പിത്തോരാഗഢ്, തേസു വിമാനത്താവളങ്ങള്‍ കുതിപ്പിന്റെ പാതയിലാണ്.
ഉഡാന്‍ പദ്ധതിക്ക് കീഴില്‍ വ്യോമയാന മേഖല ഗണ്യമായ പരിവര്‍ത്തനത്തിന് വിധേയമായിട്ടുണ്ട്. സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഫലപ്രദമായി ബന്ധിപ്പിക്കുന്ന ഹെലികോപ്റ്റര്‍ പാതകള്‍ ഉള്‍പ്പടെ 601 പാതകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഈ പാതകളില്‍ ഏകദേശം 28ശതമാനം വിദൂര മേഖലകളില്‍ സേവനം നല്കുന്നു. വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളില്‍ പ്രവേശനക്ഷമത വര്‍ധിപ്പിക്കുന്നു. രാജ്യത്ത് പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 2014-ല്‍ 74 ആയിരുന്നത് 2024-ല്‍ 157 എന്ന നിലയില്‍ ഇരട്ടിയായി. 2047-ഓടെ ഇത് 350-400 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യം. രാജ്യത്തെ വിമാനക്കമ്പനികള്‍ അവരുടെ എയര്‍ ലൈനുകള്‍ വര്‍ധിപ്പിച്ചതിനൊപ്പം, കഴിഞ്ഞ ദശകത്തില്‍ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായി. 71 വിമാനത്താവളങ്ങള്‍, 13 ഹെലിപോര്‍ട്ടുകള്‍, 2 വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവ ഉള്‍പ്പെടുന്ന മൊത്തം 86 എയറോഡ്രോമുകള്‍ പ്രവര്‍ത്തനക്ഷമമാക്കി. ഇത് 2.8 ലക്ഷത്തിലധികം വിമാനങ്ങളിലായി 1.44 കോടിയിലധികം പേര്‍ക്ക് യാത്രാസൗകര്യമൊരുക്കി.
ഉഡാന്‍ വെറുമൊരു പദ്ധതിയല്ല; വിമാനം എന്ന സമ്മാനത്താല്‍, ഓരോ ഇന്ത്യക്കാരനെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മുന്നേറ്റമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: