മുംബൈ: മഹാരാഷ്‌ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ചൂടുപിടിക്കുന്നതിനിടയില്‍ മോദിയെ പുകഴ്ത്തി ഉദ്ധവ്താക്കറെ പക്ഷത്തിന്റെ വക്താവും രാജ്യസഭാ എംപിയുമായ പ്രിയങ്ക ചതുര്‍വേദി. മികച്ച രാഷ്ട്രീയക്കാരന്‍ ആരെന്ന ചോദ്യത്തിനാണ് പ്രിയങ്ക ചതുര്‍വേദി മോദിയുടെ പേര് പറഞ്ഞത്.
മോദിയെ പുകഴ്‌ത്തിക്കൊണ്ടുള്ള പ്രിയങ്ക ചതുര്‍വേദിയുടെ ഈ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണിപ്പോള്‍. ഒരു അഭിമുഖത്തിലാണ് പ്രിയങ്ക ചതുര്‍വേദി എല്ലാ രാഷ്‌ട്രീയക്കാരിലും പ്രമുഖന്‍ മോദിയാണെന്ന് അഭിപ്രായപ്പെട്ടത്. ഇതിന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്.
“എല്ലാവരിലും വെച്ച് ഏറ്റവും മികച്ച രാഷ്‌ട്രീയക്കാരന്‍ മോദിയാണെന്ന് ഞാന്‍ പറയും. മുഴുവന്‍ വോട്ടര്‍മാരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിവുണ്ട്. ബിജെപിയുടെ ഉത്തരവാദിത്വങ്ങള്‍ ചുമലേറ്റുന്നതി്ല്‍ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അദ്ദേഹം യുവാക്കളുടെയും സ്ത്രീകളുടെയും ഹൃദയം കീഴടക്കുന്നു.മോദിയെ പുകഴ്‌ത്താന്‍ യാതൊന്നുമില്ലെന്ന് പറയുന്നത് വിഡ്ഢിത്തമാണ്. “- പ്രിയങ്ക ചതുര്‍വേദി അഭിപ്രായപ്പെട്ടു.
ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ചിടത്തോളം എത്തിയില്ലെങ്കിലും ബിജെപി ഒരു നേട്ടവും ഉണ്ടാക്കിയില്ലെന്ന് പറയുന്നത് വിഡ്ഡിത്തമാണെന്നും പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.
ബിജെപിയെയും മോദിയെയും നഖശിഖാന്തം എതിര്‍ക്കുന്ന പ്രിയങ്ക ചതുര്‍വേദിയുടെ ഈ അഭിപ്രായപ്രകടനം ശിവസേന നേതാവ് ഉദ്ധവ് താക്കറെയെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്. പ്രിയങ്ക ചതുര്‍വേദിയും ഉദ്ധവ് താക്കറെയുടെ പാര്‍ട്ടിയും തമ്മില്‍ പടലപ്പിണക്കങ്ങളുണ്ടോ എന്നും സംശയിക്കുകയാണ് മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍.
മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് തോല്‍വി സമ്മതിച്ചുകഴിഞ്ഞോ എന്നാണ് പലരും പ്രിയങ്ക ചതുര്‍വേദിയുടെ ഈ കമന്‍റിന് നല്‍കുന്ന പ്രതികരണം. നവമ്പര്‍ 20നാണ് മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്. ഒരു വശത്ത് ബിജെപി-ഏക്നാഥ് ഷിന്‍ഡെ ശിവസേന-അജിത് പവാര്‍ എന്‍സിപി എന്നിവര്‍ ഉള്‍പ്പെടുന്ന മഹായുതി സഖ്യം ഒരു പക്ഷത്തും കോണ്‍ഗ്രസ്-ഉദ്ധവ് താക്കറെ ശിവസേന- ശരത് പവാര്‍ എന്‍സിപി എന്നിവര്‍ മറുപക്ഷത്തും നിന്ന് തീപാറും പോരാട്ടമാണ് ഇവിടെ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക