തിരുവനന്തപുരം:1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥ രചിച്ച് വിന്‍സെന്‍റ് മാസ്റ്റര്‍ സംവിധാനം ചെയ്ത ചന്ദ്രതാര ചിത്രമായ ഭാര്‍ഗ്ഗവീ നിലയം ജയചന്ദ്രന് പ്രിയപ്പെട്ട ഒന്നാണ്. അതില്‍ ബിംബ്ലാസി രാഗത്തിലുള്ള ‘താമസമെന്തേ വരുവാന്‍’ എന്ന ഗാനമാണ് പി.ജയചന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട യേശുദാസ് ഗാനം.
ഇതിനപ്പുറം ഒരു പാട്ടില്ല എന്ന വിശ്വസിക്കാനാണ് ജയചന്ദ്രന് ഇഷ്ടം. ഈ പാട്ട് കേള്‍ക്കാന്‍ വേണ്ടി, ഈ പാട്ടുള്ള സിനിമ കാണാന്‍ ഇരിങ്ങാലക്കുട കോന്നി തിയേറ്ററില്‍ 27 തവണ കാണാന്‍ പോയിട്ടുണ്ട്. യക്ഷിയുടെ കഥയാണ് ഭാര്‍ഗ്ഗവീ നിലയം. അതില്‍ എല്ലാ ദിവസവും എഴുത്തുകാരന്റെ അടുത്തു വരാറുള്ള യക്ഷി ഒരു ദിവസം വന്നില്ല. “നീണ്ട കണ്ണുകളും ചുരുണ്ട അളകങ്ങളും വെള്ളവസ്ത്രവുമായി അവള്‍ എന്നും വരാറുണ്ടായിരുന്നു. ഒരു ദിവസം അവള്‍ വന്നില്ല. എന്തേ വന്നില്ല?” ഈ സന്ദര്‍ഭത്തിന് യോജിച്ച വിധമാണ് പി.ഭാസ്കരന്‍മാസ്റ്റര്‍ ഗാനം എഴുതിയത്-
“താമസമെന്തേ…വരുവാന്‍..
താമസമെന്തേ വരുവാന്‍
പ്രാണസഖീ എന്റെ മുന്നില്‍
താമസമെന്തേ അണയാന്‍
പ്രേമമയീ എന്റെ കണ്ണില്‍
താമസമെന്തേ വരുവാന്‍
ഹേമന്ത യാമിനിതന്‍
പൊന്‍വിളക്കു പൊലിയാറായ്
മാകന്ദശാഖകളില്‍
രാക്കിളികള്‍ മയങ്ങാറായ്
“അവിടെയാണ് ആ ഗാനത്തിന്റെ മനോഹാരിത. ഇത്രയും നല്ലൊരു ഗാനം എഴുതാന്‍ മറ്റാര്‍ക്കും കഴിയില്ല. ബാബുക്കയ്‌ക്കല്ലാതെ മറ്റൊരാള്‍ക്കും ഇത്രയും നല്ല ഈണം നല്‍കാന്‍ കഴിയില്ല. ദാസേട്ടന്റെ ഏറ്റവും നല്ല ഗാനവും ഇതുതന്നെ. “- ജയചന്ദ്രന്‍ പറയുന്നു.
അതുവരെ മലയാള ചലച്ചിത്രഗാനങ്ങളില്‍ നിറഞ്ഞുനിന്നിരുന്നത് കര്‍ണ്ണാടകസംഗീതത്തെ അടിസ്ഥാനമാക്കിയുള്ള പാട്ടുകളായിരുന്നു. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി ഹിന്ദുസ്ഥാനി രാഗങ്ങള്‍ മലയാളചലച്ചിത്രഗാനങ്ങളില്‍ ലയിപ്പിച്ചത് ബാബുരാജായിരുന്നു. ഹിന്ദുസ്ഥാനി രാഗമായ ബിംബ്ലാസില്‍ പി.ഭാസ്കരന്‍മാസ്റ്ററുടെ വരികള്‍ ലയിച്ചപ്പോള്‍ അതൊരു അപൂര്‍വ്വ അനുഭവമായി മാറി. അതായിരുന്നു താമസമെന്തേ വരുവാന്‍ എന്ന ഗാനത്തെ മറ്റൊരു തലത്തിലേക്ക് എടുത്തുയര്‍ത്തിയത്.
”
അജ്ഞാതഗായകാ എന്നെ ഉറക്കിയിട്ട് പോകൂ…”എന്ന ഡയലോഗിന് ശേഷം സിതാറിന്റെ നാദമാണ്. തുടര്‍ന്നാണ് ഗാനം പ്രത്യക്ഷപ്പെടുന്നത് “താമസമെന്തേ വരുവാന്‍….”എന്ന് തുടങ്ങുന്ന ഗാനം. അവിടെയാണതിന്റെ മനോഹാരിത. “ഞങ്ങള്‍ കൂട്ടുകാര്‍ കോളെജിന് തൊട്ടടുത്ത് സേതുവിന്റെ ഒരു വീട് വാടകയ്‌ക്കെടുത്ത് അവിടെ ഒത്തുകൂടിയിരുന്നു. ആ വീടിന് ഞങ്ങള്‍ നല്‍കിയ പേര് ‘ഭാര്‍ഗ്ഗവീനിലയം’ എന്നായിരുന്നു. ഞങ്ങളെ അത്രയ്‌ക്കധികം സ്വാധീനിച്ചിരുന്നു ‘ഭാര്‍ഗ്ഗവീ നിലയം’ എന്ന സിനിമയും അതിലെ താമസമെന്തേ വരുവാന്‍ എന്ന ഗാനവും.” -പി.ജയചന്ദ്രന്‍ ഓര്‍മ്മിയ്‌ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക