ന്യൂദൽഹി : ഇൻഡി സഖ്യത്തിന് ഒന്നിനെക്കുറിച്ചും ഒരു വീക്ഷണമില്ലെന്നും മൊത്തത്തിൽ ആശയക്കുഴപ്പം മാത്രമാണ് അവർക്ക് കൈമുതലുള്ളതെന്നും പരിഹസിച്ച് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല. ജാർഖണ്ഡിലെയും മഹാരാഷ്‌ട്രയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് അദ്ദേഹത്തിന്റെ രൂക്ഷ വിമർശനം.
എൻഡിഎയിൽ സീറ്റ് വിതരണം സുഗമമായി നടക്കുമ്പോൾ തിരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ മഹാ വികാസ് അഘാഡി സഖ്യത്തിൽ പ്രശ്നങ്ങൾ അലയടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലെയും ഇൻഡി സഖ്യത്തിന് ഒരു കാഴ്ചപ്പാടും ഇല്ല മറിച്ച് ആശയക്കുഴപ്പം മാത്രമേയുള്ളൂ.
ഉദാഹരണത്തിന് ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി പുറത്തിറക്കി. മറുവശത്ത് ഇൻഡി സഖ്യമാകട്ടെ സീറ്റ് വിഭജനത്തിൽ ആർജെഡി ഇതിനോടകം അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. ജമ്മുവിലും പഞ്ചാബിലും ഹരിയാനയിലും മറ്റു പല സംസ്ഥാനങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഈ പാർട്ടികളിൽ ആശയക്കുഴപ്പം മാത്രമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ പ്രിയങ്കാ ഗാന്ധി വയനാട്ടിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വാചാലനായി. രാഹുൽ ഗാന്ധി വയനാട്ടിലെ പൊതുജനങ്ങളോട് മാപ്പ് പറയണം. വയനാട്ടിലെ ജനങ്ങളെ രാഹുൽ വഞ്ചിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഒരു വശത്ത് കോൺഗ്രസ് സ്നേഹത്തെക്കുറിച്ചും സമാധാനത്തെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരിക്കാൻ അനുവദിക്കുമോ എന്ന് അവർ വയനാട്ടിലെ സഖ്യകക്ഷികളോട് ചർച്ച ചെയ്തോ എന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഇടത് പാർട്ടിയും ഇപ്പോൾ തങ്ങളുടെ സ്ഥാനാർത്ഥിയെ അവിടെ നിർത്തിയിട്ടുണ്ടെന്നും പൂനവല്ല പറഞ്ഞു.
മഹാ വികാസ് അഘാഡി ഘടകകക്ഷികൾ തമ്മിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന യോഗങ്ങൾ നടക്കുന്നുണ്ടെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും മഹാരാഷ്‌ട്രയുടെ പാർട്ടി ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുമ്പോഴും സഖ്യകക്ഷികൾ കോൺഗ്രസിന്റെ വല്യേട്ടൻ മനോഭാവത്തോട് മുഖം തിരിക്കുന്നതാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: