മട്ടാഞ്ചേരി: പ്രതികൂല കാലാവസ്ഥയെ വെല്ലുവിളിച്ച് തീരരക്ഷാ സേനയുടെ ‘സാഗര്‍ കവച്’ നിരീക്ഷണ സുരക്ഷാ പ്രവര്‍ത്തനം നടത്തി. നാവിക സേന, കസ്റ്റംസ്, സിഐഎസ്എഫ്, ഇന്റലിജന്റ്സ് ബ്യൂറോ, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കൊച്ചി തുറമുഖ അതോറിറ്റി, കേരള പോലീസ്, കോസ്റ്റല്‍ പോലീസ് തുടങ്ങി കേന്ദ്ര-സംസ്ഥാന സുരക്ഷാ ഏജന്‍സികള്‍ സംയുക്തമായാണ് സാഗര്‍ കവച് നിരീക്ഷണ ദൗത്യം നടത്തിയത്.
കാറ്റും മഴയും ചേര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായ സാഹചര്യത്തില്‍ നടത്തിയ സുരക്ഷാപ്രവര്‍ത്തനം സേനാംഗങ്ങളില്‍ ആത്മവീര്യമുണര്‍ത്തി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് കേന്ദ്രീകരിച്ചാണ് സാഗര്‍ കവച് നിരീക്ഷണം നടത്തിയത്. വിവിധ വിഭാഗങ്ങളില്‍ നിന്നായി ആയിരത്തിലേറെ സേനാംഗങ്ങള്‍ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.
രാപകല്‍ ഭേദമന്യേ രണ്ടുദിവസം നീണ്ട നിരീക്ഷണ ദൗത്യത്തില്‍ മത്സ്യ ബന്ധന ബോട്ടുകള്‍, യാത്രായാനങ്ങള്‍, അതിര്‍ത്തി കടന്നെത്തുന്ന ചരക്ക് കപ്പലുകള്‍ തുടങ്ങിയവയും തീരദേശ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു. കോസ്റ്റ് ഗാര്‍ഡ്- നാവിക സേന കപ്പലുകള്‍, ഹെലികോപ്റ്ററുകള്‍, ഡോണിയര്‍ വിമാനങ്ങള്‍, സ്പീഡ് ബോട്ടുകള്‍, ചെറുകിട ഇടത്തരം ബോട്ടുകള്‍ എന്നിവ പങ്കെടുത്തു.
മുംബൈ താജ് ഭീകര ആക്രമണങ്ങള്‍ക്ക് ശേഷം കടല്‍ കടന്ന് ഭീകരവാദം തടയാനും രാജ്യതീര ദേശ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രതിവര്‍ഷം രണ്ടു ഘട്ടങ്ങളിലാണ് സാഗര്‍ കവച് നിരീക്ഷണ സുരക്ഷാ പരിശോധന നടത്തുന്നത്. ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനോടോപ്പം നിരീക്ഷണ കുറവുകള്‍ പരിഹരിക്കാനും ഇത് ലക്ഷ്യമിടുകയാണ്.
സാഗര്‍ കവച് ദൗത്യത്തിന് കോസ്റ്റ് ഗാര്‍ഡ് കൊച്ചി ഡിഐജി എന്‍. രവി നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: