ചെന്നൈ: ജാർഖണ്ഡിലെ ജെഎംഎം-കോൺഗ്രസ് സഖ്യത്തെ അഴിമതിയുടെ കോട്ടയെന്ന് വിശേഷിപ്പിച്ച് ബിജെപി ദേശീയ വക്താവ് സി.ആർ കേശവൻ. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ബിജെപി നേതാവിന്റെ രൂക്ഷ വിമർശനം.
കോൺഗ്രസ് സഖ്യത്തിന് ഭരണഘടനയോട് യാതൊരു ബഹുമാനവുമില്ലെന്ന് ആരോപിച്ച കേശവൻ അഴിമതി നിറഞ്ഞ ജെഎംഎം – കോൺഗ്രസ് സർക്കാരിന് നവംബറിൽ പുറത്തേക്കുള്ള വഴി തുറക്കുമെന്നും പറഞ്ഞു. ജെഎംഎമ്മും കോൺഗ്രസും ചേർന്ന് ഭരിക്കുന്ന ജാർഖണ്ഡ് സർക്കാർ ഈ രാജ്യത്ത് അഴിമതിയുടെ കോട്ടയാണ് പണിതത്.
അവർക്ക് ഭരണഘടനയോട് യാതൊരു ബഹുമാനവുമില്ല. അഴിമതിയെ മാത്രമാണ് അവർ ബഹുമാനിക്കുന്നത്. രാഹുൽ ഗാന്ധി ഭരണഘടനയെ സംരക്ഷിക്കുന്നതിനെ കുറിച്ച് തന്ത്രപൂർവ്വം നുണ പറയും. എന്നാൽ ജാർഖണ്ഡിലെ ജനങ്ങൾ അദ്ദേഹത്തിന്റെ നുണകൾ വിശ്വസിക്കില്ലെന്നും അദേഹം പറഞ്ഞു.
അതേ സമയം ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 66 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. എൻഡിഎ സഖ്യകക്ഷികളായ ഓൾ ജാർഖണ്ഡ് സ്റ്റുഡൻ്റ്സ് യൂണിയൻ (എജെഎസ്‌യു), ജനതാദൾ (യുണൈറ്റഡ്), ലോക് ജനശക്തി പാർട്ടി (എൽജെപി) എന്നിവർക്കൊപ്പമാണ് ബിജെപി മത്സരിക്കുന്നത്.
നിലവിലെ ധാരണ പ്രകാരം എജെഎസ്‌യു 10 സീറ്റിലും ജെഡിയു 2 സീറ്റിലും എൽജെപി ഛത്രയിലെ ഏക സീറ്റിലും ബിജെപി 68 സീറ്റിലും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: