തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ. അന്വേഷണത്തിന് സിദ്ദീഖിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്നും സർക്കാർ സമർപ്പിച്ച ഹർജിയിൽ പറയുന്നുണ്ട്. പുറത്ത് നിൽക്കുന്ന സിദ്ദീഖ് സാക്ഷികളെ സ്വാധീക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ട്. കോടതിയുടെ ഇടക്കാല സംരക്ഷണം നൽകിയെങ്കിലും സിദ്ദീഖ് അന്വേഷണവുമായി സഹകരിച്ചിട്ടില്ലെന്നും സർക്കാർ സുപ്രീം കോടതിയിൽ. ചൊവ്വാഴ്ചയാണ് സുപ്രിം കോടതി സിദ്ദീഖിന്റെ മുൻകൂർ ജാമ്യപേക്ഷ വീണ്ടും പരിഗണിക്കുന്നത്.
ഡിജിറ്റൽ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും കൊണ്ടുവന്നില്ലെന്നും ബാങ്ക് രേഖകൾ മാത്രമാണ് നൽകിയതെന്നും അന്വേഷണ സംഘം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കുറ്റകൃത്യം നടന്നതായി പറയപ്പെടുന്ന 2016-17 കാലത്തെ ഡിജിറ്റല്‍ തെളിവുകള്‍ നല്‍കണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാല്‍ അക്കാലത്തെ ഫോണും ഐപാഡും കൈവശമില്ലെന്നാണ് സിദ്ദീഖ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം, സിദ്ദീഖ് പൊലീസിനും മാധ്യമങ്ങൾക്കുമെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പൊലീസ് തന്റെ പിന്നാലെ യാത്ര ചെയ്ത് വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നെന്നാണ് പരാതി. താൻ അഭിഭാഷകനെ കാണാൻ പോയത് പോലും മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത് പൊലീസാണെന്നും പരാതിയിൽ പറയുന്നു. തന്നെയും മകനേയും മാധ്യമങ്ങളും പൊലീസും യാത്ര ചെയ്യാൻ പോലും അനുവദിക്കുന്നില്ലെന്നും സിദ്ദീഖ് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: