റാഞ്ചി : ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇൻഡി മുന്നണിയിൽ വിള്ളലുകൾ ഉയർന്നു. സംസ്ഥാനത്തെ 81 സീറ്റുകളിൽ 70ലും ജെഎംഎമ്മും കോൺഗ്രസും മത്സരിക്കുമെന്ന പ്രഖ്യാപനത്തിൽ ആർജെഡി നിരാശ പ്രകടിപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
രണ്ട് ഇൻഡി മുന്നണി ഘടകകക്ഷികളുടെ സീറ്റ് പങ്കിടൽ തീരുമാനം ഏകപക്ഷീയമാണെന്ന് ആർജെഡി തുറന്നടിച്ചു. തങ്ങൾക്ക് സീറ്റുകൾ വാഗ്ദാനം ചെയ്തതിൽ നിരാശ പ്രകടിപ്പിക്കുന്നുവെന്നും തീരുമാനം ഏകപക്ഷീയമാണെന്നും ആർജെഡി വക്താവ് മനോജ് കുമാർ ഝാ പറഞ്ഞു.
കൂടാതെ തങ്ങളോട് കൂടിയാലോചിച്ചിട്ടില്ലെന്ന് ഝാ കുറ്റപ്പെടുത്തിയത് മുന്നണിയിൽ പടലപ്പിണക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. സീറ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ശരിയായ കൂടിയാലോചന നടത്തേണ്ടതായിരുന്നു. ഒരു രാഷ്‌ട്രീയ പാർട്ടിക്കും അതിന്റെ വോട്ടർമാരുടെയും അനുഭാവികളുടെയും വികാരം തള്ളിക്കളയാനാവില്ല. തങ്ങൾക്ക് വേണ്ടത്ര ശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎമ്മും കോൺഗ്രസും 70 സീറ്റുകളിൽ മത്സരിക്കുമെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നവംബർ 13, 20 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നവംബർ 23 ന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: