ന്യൂദൽഹി: ഒന്നിലധികം എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) എഎപി നേതാവ് അമാനത്തുള്ള ഖാനെതിരെ അന്വേഷണം നടത്തിയതെന്ന് ദൽഹി ഹൈക്കോടതിയെ ബോധിപ്പിച്ച് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ചയാണ് ഇഡി ഇക്കാര്യം കോടതിയെ അറിയിച്ചത്.
ദൽഹി വഖഫ് ബോർഡിന്റെ ചെയർമാനായിരിക്കെ നിയമനങ്ങളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായിട്ടുള്ള അറസ്റ്റിനെ ചോദ്യം ചെയ്തുള്ള ഖാന്റെ ഹർജിയെ ഇഡി എതിർക്കുകയും ചെയ്തു. മറ്റ് എഫ്ഐആറുകളുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണങ്ങൾ പരാമർശിക്കാതെ ഒരു എഫ്ഐആറിന്റെ ഫലം പരാമർശിച്ച് അമാനത്തുള്ള ഖാൻ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഇഡി ആരോപിച്ചു.
ദൽഹി വഖഫ് ബോർഡ് ചെയർമാനായിരിക്കെ ഖാൻ തനിക്ക് അടുപ്പമുള്ള വ്യക്തികളെ നിയമിച്ചു. കൂടാതെ നിയമനടപടികൾ മറികടന്ന് വ്യക്തിപരമായ നേട്ടങ്ങൾക്കായി ഒന്നിലധികം ക്രമക്കേടുകൾ നടത്തുകയും ചെയ്തതായി സെക്ഷൻ 50 പ്രകാരം രേഖപ്പെടുത്തിയ മൊഴികൾ ഉൾപ്പെടെ അന്വേഷണത്തിൽ ശേഖരിച്ച തെളിവുകൾ വ്യക്തമാക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി.
പ്രത്യേക ജഡ്ജിയുടെ റിമാൻഡ് ഉത്തരവിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ പിഎംഎൽഎയുടെ സെക്ഷൻ 19-ൽ പറഞ്ഞിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് അമാനത്തുള്ള ഖാന്റെ അറസ്റ്റ് നടന്നതെന്ന് ഇഡി വ്യക്തമാക്കി.
കൂടാതെ ഖാന്റെ അവകാശവാദങ്ങൾ യാതൊരു യോഗ്യതയുമില്ലാത്തതാണെന്ന് ഏജൻസി കോടതിയിൽ അറിയിച്ചു. അതേ സമയം ഖാന്റെ ഹർജിയിൽ കോടതി ഇഡിയുടെ പ്രതികരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: