ഒട്ടാവ: ഭാരതത്തിനെതിരായ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ഏറ്റുപറഞ്ഞതോടെ നാണം കെട്ട് കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിങ് നിജ്ജാര്‍ കൊല്ലപ്പെട്ട സംഭവം ട്രൂഡോ വിവാദമാക്കുന്നത് മറ്റ് പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടുന്നതിനാണെന്ന് കനേഡിയന്‍ പ്രതിപക്ഷ പാര്‍ട്ടി പീപ്പിള്‍സ് പാര്‍ട്ടി ഓഫ് കാനഡയുടെ നേതാവ് മാക്സിം ബെര്‍ണിയര്‍. ഒരു തെളിവും ട്രൂഡോ ഇതുവരെ നല്‍കിയിട്ടില്ല. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ട്രൂഡോ ഈ പ്രതിസന്ധിയെ ഉപയോഗിക്കുകയായിരുന്നുവെന്ന് ബെര്‍ണിയര്‍ എക്സിലൂടെ വ്യക്തമാക്കി.
ഹര്‍ദീപ് സിങ് നിജ്ജാര്‍ കാനഡക്കാരനാണെന്ന വാദവും ബെര്‍ണിയര്‍ തള്ളിക്കളഞ്ഞു. നിജ്ജാര്‍ ഒരു കനേഡിയന്‍ ആയിരുന്നില്ലെന്നും ഭരണപരമായ പിഴവ് തിരുത്താന്‍ മരണാനന്തരം അദ്ദേഹത്തിന്റെ പൗരത്വം എടുത്തുകളയണമെന്നും ബെര്‍ണിയര്‍ ആവശ്യപ്പെട്ടു.
ഇപ്പോള്‍ കാനഡയിലെ ആദ്യത്തെ വ്യാജ അഭയാര്‍ത്ഥിയാണ് അയാളെന്നും അയാളെ നാടുകടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1997 മുതല്‍ പലതവണ കാനഡയില്‍ അഭയം തേടാന്‍ വ്യാജരേഖകള്‍ ഉപയോഗിച്ച ഒരു വിദേശ ഭീകരവാദിയാണ് നിജ്ജാര്‍. എന്നാല്‍ 2007ല്‍ പൗരത്വം നല്കി. സംഭവിച്ച വലിയ അബദ്ധം തിരിച്ചറിയുകയും വളര്‍ന്നുവരുന്ന ഒരു ലോകശക്തിയെന്ന നിലയില്‍ ഭാരതവുമായുള്ള ബന്ധത്തെ അപകടപ്പെടുത്തുന്നതിന് പകരം പരിഹാരങ്ങള്‍ കണ്ടെത്താന്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും വേണമെന്ന് മാക്സിം ബെര്‍ണിയര്‍ പറഞ്ഞു.
നിജ്ജര്‍ വധത്തില്‍ ഭാരതത്തിനെതിരെ വ്യക്തമായ തെളിവില്ലെന്ന ജസ്റ്റിന് ട്രൂഡോ കഴിഞ്ഞ ദിവസം ഏറ്റുപറഞ്ഞിരുന്നു. ഇതോടെ ലോകത്തിനുമുമ്പില്‍ ട്രൂഡോ പരിഹാസപാത്രമായി. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഭാരതത്തിനെതിരായ ആരോപണമെന്ന് ഫോറിന് ഇന്റര്‍ഫിയറന്‍സ് കമ്മിഷന് മുന്‍പാകെ ട്രൂഡോ പറഞ്ഞത്.
ഭാരതം ആവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യമാണ് ട്രൂഡോ ഇപ്പോള്‍ പറഞ്ഞതെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു. ട്രൂഡോ സാഹചര്യം കൈകാര്യം ചെയ്തതിനെ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാകുന്നതിന്റെ ഉത്തരവാദിത്തം ട്രൂഡോയ്ക്ക് മാത്രമായിരിക്കുമെന്നും പ്രസ്താവനയില്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: