കണ്ണൂർ : ഭക്ഷ്യവിഷബാധയെത്തുടർന്ന് കണ്ണൂർ സ്പോർട്‌സ് ഹോസ്റ്റലിലെ 85-ലധികം വിദ്യാർഥികൾ ചികിത്സ തേടി. വെള്ളിയാഴ്ച ഉച്ചമുതൽ രാത്രി വരെ വിവിധ സമയങ്ങളിലായാണ് വിദ്യാർഥികൾ ചികിത്സയ്‌ക്കെത്തിയത്. ഉച്ചഭക്ഷണത്തിനൊപ്പം മീന്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് കുട്ടികള്‍ പറയുന്നു.
അതേസമയം, കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണ്. കടുത്ത ലക്ഷണങ്ങൾ കാണിച്ച് നാല് കുട്ടികളെ എ.കെ.ജി. ആസ്പത്രിയിലേക്ക് മാറ്റി.
തലവേദനയും ശരീരമാകെ ചുവന്ന് ചൊറിയുന്ന അവസ്ഥയിലായ കുട്ടിയെ കെയർടേക്കർ രമ്യ രാജീവൻ ജില്ലാ അശുപത്രിയിലെത്തിച്ചു. ഇതിനു പിന്നാലെ സ്‌കൂളിൽനിന്നും കൂടുതൽ കുട്ടികൾ തലവേദനയും ക്ഷീണവും അനുഭവപ്പെട്ട് ചികിത്സതേടി. ഇവർക്ക് അലർജിക്കുള്ള കുത്തിവെയ്‌പ്പടക്കമുള്ള പ്രാഥമിക ചികിത്സ നൽകി. ഊണിനൊപ്പം കഴിച്ച മീനിൽനിന്നാവാം ഭക്ഷ്യവിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം.
ഭക്ഷ്യസുരക്ഷാവിഭാഗം, കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവർ ഹോസ്റ്റലിലെത്തി പരിശോധനയ്‌ക്കായി ഭക്ഷ്യസാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: