കണ്ണൂര്‍ : എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ പി പി ദിവ്യ തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അഡ്വ. വി വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
ചടങ്ങില്‍ ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് പോയതെന്ന് ജി പി ദിവ്യ പറയുന്നു. യാത്രയയപ്പ് ദിവസം രാവിലെ ഒരു ഔദ്യോഗിക പരിപാടിയില്‍ വച്ച് കളക്ടര്‍ ആണ് തന്നെ യാത്രയയപ്പ് യോഗത്തിന് ക്ഷണിച്ചത്. മൂന്നുമണിക്ക് ആയിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. ഔദ്യോഗിക പരിപാടികളുടെ തിരക്കുണ്ടായിരുന്നതിനാലാണ് കൃത്യസമയത്ത് എത്താതിരുന്നത്.
ഡെപ്യൂട്ടി കളക്ടര്‍ ശ്രുതിയാണ് യോഗത്തില്‍ സംസാരിക്കാന്‍ ക്ഷണിച്ചത് .യാത്രയപ്പ് യോഗത്തിലെ പരാമര്‍ശങ്ങള്‍ സദുദ്ദേശപരമായുളളതാണ്. നവീന്‍ കുമാറിന് കൈക്കൂലി കൊടുത്തു എന്ന് പ്രശാന്ത് തന്നോട് പറഞ്ഞിട്ടുണ്ട്. നേരത്തെ ഗംഗാധരന്‍ എന്ന ഒരാളും ഇത്തരമൊരു ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഫയലുകള്‍ വച്ച് താമസിപ്പിക്കുന്നു എന്ന പരാതി എഡി എമ്മിനെതിരെ ഉണ്ട്. ഉത്തരവാദിത്തപ്പെട്ട ജനപ്രതിനിധി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.
അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും.പ്രായമായ മാതാപിതാക്കളും ഭര്‍ത്താവും ഒരു പെണ്‍കുട്ടിയും ഉണ്ട്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നാണ് ദിവ്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: