കൊച്ചി: ഓര്‍ത്തഡോക്സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ ഉള്‍പ്പെട്ട ആറ് പള്ളികള്‍ എറണാകുളം, പാലക്കാട് ജില്ലാ കളക്ടര്‍മാര്‍ ഏറ്റെടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത് യാക്കോബായ വിഭാഗം നല്കിയ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളി.
ഓടക്കാലി സെ. മേരീസ് ഓര്‍ത്തഡോക്സ് പള്ളി ഏറ്റെടുക്കാന്‍ നേരത്തെ എറണാകുളം ജില്ലാ കളക്ടറോട് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നു. പോത്താനിക്കാട് സെ. ജോണ്‍സ് ബെസ്ഫേജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി, മഴുവന്നൂര്‍ സെ. തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി, മംഗലം അണക്കെട്ടിലെ സെ. മേരീസ് ഓര്‍ത്തഡോക്സ് പള്ളി, എരിക്കിന്‍ചിറ സെ. തോമസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി, ചെറുകുന്നം സെ. തോമസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളി എന്നിവ ഏറ്റെടുക്കാനാണ് നിര്‍ദേശം നല്‍കിയിരുന്നത്.
2023 ഏപ്രില്‍ മുതലുള്ള മുന്‍ ഹൈക്കോടതി ഉത്തരവ് പാലിക്കുന്നതില്‍ സംസ്ഥാന, ജില്ലാ ഭരണകൂടങ്ങള്‍ പരാജയപ്പെട്ടുവെന്ന് സി. കെ. ഐസക് കോര്‍ എപ്പിസ്കോപ്പയും മറ്റുള്ളവരും ആരോപിച്ചിരുന്നു, പള്ളികളില്‍ സമാധാനപരമായി പ്രവേശിക്കുന്നതിനും മതപരമായ ശുശ്രൂഷകള്‍ നടത്തുന്നതിനും ഓര്‍ത്തഡോക്സ് വിഭാഗത്തിലെ അംഗങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.
കോടതിയലക്ഷ്യക്കേസില്‍ പള്ളികള്‍ കൈവശപ്പെടുത്താന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ നിയമസാധുതയാണ് യാക്കോബായ വിഭാഗം അവരുടെ അപ്പീലില്‍ ചോദ്യം ചെയ്തത്. എന്നാല്‍, ജസ്റ്റിസുമാരായ അനില്‍ കെ. നരേന്ദ്രന്, പി. ജി. അജിത്കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് വിധിയില്‍ ഇടപെടാന്‍ കാരണമില്ലെന്ന് കണ്ടെത്തി അപ്പീലുകള്‍ തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: